LiveTV

Live

Kuwait

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി

അപ്രതീക്ഷിത തീരുമാനം മൂലം നിരവധി യാത്രക്കാരാണ് പ്രയാസത്തിലായത്

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരാഴ്‌ചക്കാലത്തേക്കാണ് വിലക്ക്. മന്ത്രി സഭാനിർദേശപ്രകാരം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ആണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ഇന്ത്യക്കു പുറമേ ശ്രീലങ്ക, ബ‍ംഗ്ലാദേശ്, ഫിലിപ്പൈൻസ്, ലെബനൻ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ 14 ദിവസത്തിനിടെ മേല്പറഞ്ഞ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. അപ്രതീക്ഷിത തീരുമാനം മൂലം നിരവധി യാത്രക്കാരാണ് പ്രയാസത്തിലായത്. കുവൈത്തിലേക്ക് വരാനായി കണക്ഷൻ ഫ്ലൈറ്റുകളിൽ ബോർഡിങ് ലഭിച്ച യാത്രക്കാർ ഖത്തർ അബുദാബി ദുബായ് വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് വിമാനാകമ്പനികൾ അറിയിച്ചത്.

ഇന്ത്യ ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കോവിഡ് 19 ബാധയില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ വിമാന യാത്ര അനുവദിക്കൂ എന്ന് ഡിജിസിഎ നേരത്തെ നൽകിയിരുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പരിശോധന നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചതിനെ തുടർന്ന് മന്ത്രി സഭ നിർദേശം മരവിപ്പിച്ചിരുന്നു. ഇതിനെതിരെ പാർലിമെന്റ് തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് വെള്ളിയാഴ്ച രാത്രി ചേർന്ന അസാധാരണ കാബിനറ്റ് മീറ്റിങ്ങിലാണ് ഒരാഴ്ചക്കാലത്തേക്കു ഏഴു രാജ്യങ്ങൾക്കു യാത്രാ നിരോധം ഏർപെടുത്തിക്കൊണ്ടു പുതിയ തീരുമാനം വന്നത്. കോവിഡ് 19 പരിശോധനയ്ക്കുള്ള ആദ്യ ആധുനിക പരിശോധനാ സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് താല്ക്കാലിക യാത്രാ വിലക്കെന്നാണ് അധികൃതരുടെ വിശദീകരണം.