LiveTV

Live

Kuwait

കൊറോണ; ജാഗ്രത പാലിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം

കൊറോണ; ജാഗ്രത പാലിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം

ആഗോള തലത്തിൽ കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ കുവൈത്തിലെ സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ മാസ്കുകൾ കയറ്റുമതി ചെയ്യുന്നതിന് വാണിജ്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.

കൊറോണ ലക്ഷണങ്ങൾ ഉള്ള രോഗികളെ അലക്ഷ്യമായി കൈകാര്യം ചെയ്യരുതെന്നാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകപ്പെട്ട നിർദേശം. നിർദേശം അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും. ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സേവന അണ്ടർ സെക്രട്ടറി ഡോ. ഫാതിമ അൽ നജ്ജാർ മുന്നറിയിപ്പ് നൽകി. സംശയമുള്ള രോഗികളെ സ്വകാര്യ ആശുപത്രികൾ സ്വയം ചികിത്സിക്കുകയോ വിട്ടയക്കുകയോ ചെയ്യരുത്. പകരം മെഡിക്കൽ എമർജൻസി ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണം. ഇത്തരം രോഗികളെ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്നും ഡോ. ഫാതിമ അൽ നജ്ജാർ പറഞ്ഞു.

അതിനിടെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ മാസ്‌ക്കുകൾ വിതരണക്കാർ പൂഴ്ത്തി വെക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് മാസ്കുകളുടെ കയറ്റുമതിക്ക് വാണിജ്യ വ്യവസായമന്ത്രാലയം വിലക്കേർപ്പെടുത്തി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണം വാണിജ്യവ്യവസായമന്ത്രി ഖാലിദ് അൽ റൗദാൻ ആണ് മാസ്ക് കയറ്റുമതി വിലക്കിക്കൊണ്ട് ഉത്തരവിട്ടത്.