LiveTV

Live

Kuwait

സ്വകാര്യ തൊഴിൽ മേഖലയിലേക്ക് സ്വദേശികളെ ആകർഷികാനുള്ള പദ്ധതി വിജയം കാണുന്നുവെന്ന് കുവൈത്ത് അധികൃതര്‍

സ്വകാര്യമേഖലയിൽ തൊഴിലെടുക്കാനുള്ള സന്നദ്ധത സ്വദേശി യുവാക്കൾക്കിടയിൽ മുൻകാലങ്ങളെ അപേക്ഷിച്ചു വർദ്ധിച്ചതായാണ്

 സ്വകാര്യ തൊഴിൽ മേഖലയിലേക്ക് സ്വദേശികളെ ആകർഷികാനുള്ള  പദ്ധതി വിജയം കാണുന്നുവെന്ന് കുവൈത്ത് അധികൃതര്‍

കുവൈത്തിൽ സ്വദേശികളെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് ആകർഷികാനുള്ള ഗവണ്‍മെന്റിന്റെ നയപരിപാടികൾ വിജയം കാണുന്നതായി വിലയിരുത്തൽ. സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശികളുടെ എണ്ണം 72000 കവിഞ്ഞു . സ്വകാര്യമേഖലയിൽ തൊഴിലെടുക്കാനുള്ള സന്നദ്ധത സ്വദേശി യുവാക്കൾക്കിടയിൽ മുൻകാലങ്ങളെ അപേക്ഷിച്ചു വർദ്ധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്.

മാനവശേഷി വകുപ്പിലെ ദേശീയ തൊഴിൽകാര്യ ഉപമേധാവി സുൽത്താൻ അൽ ഷഅലാനിയാണ് സ്വകാര്യമേഖലയിലെ സ്വദേശി സാന്നിധ്യം 72,000 ത്തിലെത്തിയതായി വെളിപ്പെടുത്തിയത്. സ്വദേശി ചെറുപ്പക്കാരെ സ്വകാര്യമേഖലയിലേക്ക് ആകർഷിക്കുന്നതിനായി രൂപം നൽകിയ 'because you deserve' കാമ്പയിനെ കുറിച്ച് വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം .

2002ലെ കണക്കുകൾ പ്രകാരം 1600 ആയിരുന്നു സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം. തൊഴിലില്ലായ്മ പരിഹരിക്കാനും കൂടുതൽ സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ഉറപ്പാക്കാനും നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ് 72,000 ത്തിലേക്ക് ഉയർത്തിയത്.

സ്വദേശി ചെറുപ്പക്കാർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ നൽകുന്നതിനായി ഈ വർഷം പ്രത്യേക വെബ് പോർട്ടൽ ആരംഭിക്കുമെന്നും സുൽത്താൻ അൽ ഷഅലാനി പറഞ്ഞു. ഫെബ്രുവരി 12-13 തിയ്യതികളിലായി നടക്കുന്ന 'because you deserve'കാമ്പയിനിലൂടെ 400 യുവതീ യുവാക്കൾക്ക് ബാങ്കിങ് മേഖലയിൽ തൊഴിൽ ലഭ്യമാക്കാനാണ് മാൻപവർ അതോറിറ്റിയുടെ പദ്ധതി. രാജ്യത്തെ പത്തോളം പ്രമുഖ ബാങ്കുകളുമായി സംവദിക്കാൻ കാമ്പയിൻ വഴി ഉദ്യോഗാർഥികൾക്ക്‌ അവസരമൊരുക്കിയിട്ടുണ്ടെന്നും അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു