LiveTV

Live

Kuwait

കുവൈത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ 700ഓളം താമസ നിയമലംഘകർ പൊലീസിന്റെ പിടിയിലായി

അറസ്റ്റിലായവരിൽ 200പേരെ കഴിഞ്ഞ ആഴ്ച നാടുകടത്തി

കുവൈത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ 700ഓളം താമസ നിയമലംഘകർ പൊലീസിന്റെ പിടിയിലായി

കുവൈത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 700ഓളം താമസ നിയമലംഘകർ പൊലീസിന്റെ പിടിയിലായാതായി മാൻപവർ അതോറിറ്റി. ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഇത്രയും പേർ പിടിയിലായത്.

അറസ്റ്റിലായവരിൽ 200പേരെ കഴിഞ്ഞ ആഴ്ച നാടുകടത്തിയതായും ബാക്കിയുള്ളവർക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. അനധികൃതമായി സ്വകാര്യമേഖലയിലും സ്‌പോൺസറുടെ കൂടെയല്ലാതെയും ജോലി ചെയ്തവരാണ് പിടിയിലായവരിൽ കൂടുതലും.

രാജ്യത്തെ വാണിജ്യസമുച്ചയങ്ങളും മറ്റും കേന്ദ്രീകരിച്ചു വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. താമസ നിയമലംഘകരെ പിടികൂടാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം നീക്കം ആരംഭിക്കുന്നതായി റിപ്പോർട്ടുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷം വിദേശികൾ ഇഖാമയില്ലാതെ രാജ്യത്ത് തങ്ങുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ പുതിയ നീക്കം.

ഫാമുകള്‍, വ്യവസായ മേഖലകള്‍, ടൌൺ ഷിപ്പുകൾ എന്നിവ കേന്ദ്രീകരിച്ചു പരിശോധനയുണ്ടാവുമെന്നാണ് സൂചന. ഇതിനായി മാൻപവർ അതോറിറ്റി, മുനിസിപ്പാലിറ്റി, താമസകാര്യ വകുപ്പ് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടാസ്ക് ഫോഴ്സ് രുപീകരിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്ധതി.