LiveTV

Live

Kuwait

കുവൈത്തിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ എത്യോപ്യയിൽ നിന്നും തൊഴിലാളികളെ എത്തിക്കാൻ നീക്കം

കുവൈത്തിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ എത്യോപ്യയിൽ നിന്നും  തൊഴിലാളികളെ എത്തിക്കാൻ നീക്കം

കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം പരിഹരിക്കാൻ എത്യോപ്യയിൽ നിന്നും കൂടുതൽ തൊഴിലാളികളെ എത്തിക്കാൻ നീക്കം. ഫിലിപ്പൈന്‍സില്‍ നിന്നുള്ള തൊഴിലാളികളുടെ വരവ് നിലച്ചതോടെയാണ് എത്യോപ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കരാറിലേർപ്പെടാൻ കുവൈത്ത് നീക്കം നടത്തുന്നത്. എത്യോപ്യന്‍ ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയിരുന്നു. റിക്രൂട്മെന്റുമായി ബന്ധപ്പെട്ട 90 ശതമാനം വ്യവസ്ഥകളിലും ധാരണയായിട്ടുണ്ട്.

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം, കടമകള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് ധാരണാപത്രം തയാറാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. അന്തിമ തീരുമാനത്തിനായി ഇരുരാജ്യങ്ങളുടെയും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് ധാരണാപത്രം സമര്‍പ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഫിലിപ്പീൻസ് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നത് വിലക്കിയതോടെ ഉണ്ടായ പ്രതിസന്ധി എത്യോപ്യൻ തൊഴിലാളികളെ എത്തിച്ച് മറികടക്കാനാണ് കുവൈത്തിന്‍റെ നീക്കം. ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതൽ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനും അധികൃതർ ശ്രമിക്കുന്നുണ്ട്.