LiveTV

Live

Kuwait

രാജ്യത്ത് കൊറോണ ഭീതിയില്ല; വിമാനത്താവളങ്ങളില്‍ പരിശോധന നടത്തി കുവെെത്ത്

ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

രാജ്യത്ത് കൊറോണ ഭീതിയില്ല; വിമാനത്താവളങ്ങളില്‍ പരിശോധന നടത്തി കുവെെത്ത്

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരോഗ്യമന്ത്രാലയം പരിശോധന നടത്തി. വൈറസ് പടരാതിരിക്കാനാവശ്യമായ ഉപകരണങ്ങളും സജ്ജീകരണങ്ങളും ഉറപ്പു വരുത്തുന്നതിനായാണ് മന്ത്രാലയം പ്രതിനിധികള്‍ വെള്ളിയാഴ്ച വിമാനത്താവള ക്ലിനിക്കുകളിലും ഇന്‍സുലേഷന്‍ മുറിയിലും പരിശോധന നടത്തിയത്.

നിലവിൽ കുവൈത്തിൽ വൈറസ് ബാധ ഭീതിയില്ലെന്നും വിവിധ രാജ്യങ്ങൾ പൊതുവായി ഏർപ്പെടുത്തിയ ജാഗ്രതയും മുൻകരുതലുകളും പിന്തുടരുക മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. വൈറസ് ബാധക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഇതിനായി അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

ആരോഗ്യമന്ത്രാലയത്തിലെ പൊതു ആരോഗ്യവകുപ്പ് മേധാവി ഡോ. ഫഹദ് അല്‍ ഗംലാസ്, അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ഡോ. ബുഷൈന അല്‍ മുദഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊറോണ വൈറസ് പടരാതിരിക്കാനാവശ്യമായ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തിനകത്ത് എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും ഏത് സാഹചര്യത്തെയും നേരിടാൻ ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും മന്ത്രി ഡോ. ബാസിൽ അസ്സബാഹ് കഴിഞ്ഞ ദിവസം പാർലിമെന്റിൽ വ്യക്തമാക്കിയിരുന്നു. ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും സംശയിക്കുന്ന കേസുകളിൽ വിദഗ്ധ പരിശോധനക്ക് സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു .