LiveTV

Live

Kuwait

കുവൈത്തില്‍ ജയിലുകളും ലക്ഷ്വറിയാകുന്നു

ശൈത്യകാല തമ്പുകൾ, ഫിറ്റ്നസ് സെന്‍റര്‍, കായിക മത്സരങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കുള്ള വേദികൾ, ഇങ്ങനെ നീളുന്നു സൌകര്യങ്ങള്‍

കുവൈത്തില്‍ ജയിലുകളും ലക്ഷ്വറിയാകുന്നു

കുവൈത്തിൽ ആഡംബര സൗകര്യങ്ങളോടെ പുതിയ ജയിൽ സമുച്ചയം പണിയാൻ പദ്ധതി. തടവുകാരുടെ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര തലത്തിലുള്ള പൊതു മാനദണ്ഡങ്ങളും മനുഷ്യാവകാശ സംഘടനകളുടെ ആവശ്യവും നിറവേറ്റുന്ന തരത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പുതിയ സെൻട്രൽ ജയിൽ നിർമിക്കാനാണ് ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നത്.

വി.വി.ഐ.പി തടവുകാർക്ക് ആഡംബര സൗകര്യങ്ങളും സാധാരണ തടവുകാർക്ക് നിലവിലേതിൽ നിന്നു മെച്ചപ്പെട്ട സൗകര്യങ്ങളും ഉൾപ്പെടുത്തിയുള്ള ജയിൽ സമുച്ചയമാണ് ആലോചനയിലുള്ളത്. ശൈത്യകാല തമ്പുകൾ, ഫിറ്റ്നസ് സെന്‍റര്‍, കായിക മത്സരങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കുള്ള വേദികൾ, ഇങ്ങനെ നീളുന്നു കുവൈത്തിൽ പണിയാനുദ്ദേശിക്കുന്ന പുതിയ ജയിൽസമുച്ചയത്തിലെ സൗകര്യങ്ങൾ. പദ്ധതി പൂർത്തിയായാൽ പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ജയിൽ സമുച്ചയം ആയിരിക്കുമിത്.

പുനരധിവാസത്തിനും തൊഴിൽ പരിശീലനത്തിനും പുതിയ ജയിലിൽ സൗകര്യമുണ്ടാവും. വിവാഹിതരായ തടവുകാർക്ക് മാസത്തിലൊരു ദിവസം പങ്കാളിയോടൊപ്പം കഴിയുന്നതിനായി പ്രത്യേക മുറികളും നിർമിക്കും. മനുഷ്യാവകാശ സമിതിയുടെ ഇടപെടലിനെ തുടർന്ന് ജയിൽ പരിഷ്കരണ സമിതിയാണ് പുതിയ ജയിൽ സമുച്ചയ എന്ന നിർദേശം മുന്നോട്ടു വെച്ചത്. 2327 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള നിലവിലെ സെൻട്രൽ ജയിലിൽ ഇപ്പോൾ 3295 പേരാണ് അന്തേവാസികളായുള്ളത്.