LiveTV

Live

Kuwait

ഇറാന്‍റെ തിരിച്ചടിക്ക് പിന്നാലെ കുവൈത്ത് അതീവ ജാഗ്രതയില്‍ 

ഇറാൻ സ്ഥാനപതിയുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തുകയും ചെയ്തു

ഇറാന്‍റെ തിരിച്ചടിക്ക് പിന്നാലെ കുവൈത്ത് അതീവ ജാഗ്രതയില്‍ 

ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിൽ ഇറാൻ മിസൈൽ വർഷിച്ച പശ്ചാത്തലത്തിൽ കുവൈത്ത് അതീവ ജാഗ്രതയിൽ. സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ നടത്തുന്നതിനൊപ്പം അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കവും കുവൈത്ത് ആരംഭിച്ചിട്ടുണ്ട്.

ഇനിയൊരു യുദ്ധത്തിന് മേഖലക്ക് കെൽപില്ലെന്നും എല്ലാവരും സമാധാനത്തിന്റെ പാതയിലേക്ക് വരണമെന്നുമാണ് അന്താരാഷ്ട്ര സമൂഹത്തിനൊപ്പം കുവൈത്തും ആവശ്യപ്പെടുന്നത്. ഇറാനിലെ ഖുദ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ കുവൈത്തിലെ സൈനിക ക്യാമ്പാണ് അമേരിക്ക ഉപയോഗിച്ചതെന്ന വാർത്ത പ്രചരിച്ച ഘട്ടത്തിൽ തന്നെ ഇത് നിഷേധിച്ച് കുവൈത്ത് രംഗത്തെത്തയിരുന്നു.

ഇറാൻ സ്ഥാനപതിയുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തുകയും ചെയ്തു. ഇറാനിൽ നിന്ന് പ്രത്യക്ഷ ഭീഷണി ഇപ്പോഴില്ലെങ്കിലും യുദ്ധം ഉണ്ടായാലുള്ള സ്ഥിതി കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ കുവൈത്ത് ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പുകൾ ഇറാൻ ലക്ഷ്യമിടുമോ എന്ന ആശങ്കയാണ് നേരിയ തോതിലെങ്കിലും പങ്കുവെക്കപ്പെടുന്നത്. കര, വ്യോമ, കടൽ നിരീക്ഷണം ശക്തമാക്കിയതോടൊപ്പം സൈനികർക്കു ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ആറുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നും മറ്റു അവശ്യ വസ്തുക്കളും ശേഖരിച്ചുവെച്ചതായി അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.