കുവൈത്തിൽ പുതിയ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു
ആരോഗ്യമന്ത്രി സ്ഥാനത്തു ഡോ. ബാസിൽ അസ്സ്വബാഹിനെ നിലനിർത്തിയപ്പോൾ വിദേശകാര്യമന്ത്രിയായി ഡോ. അഹമദ് അൽ നാസർ അൽ മുഹമ്മദ് അസ്വബാഹിനെയാണ് നിയമിച്ചത്

കുവൈത്തിൽ പുതിയ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു. ശൈഖ് സബാഹ് ഖാലിദ് അസ്വബാഹ് പ്രധാനമന്ത്രിയായ കാബിനറ്റിൽ മൂന്നു വനിതകൾ ഉൾപ്പെടെ 15 അംഗങ്ങളാണ് ഉള്ളത്.
ദിവസങ്ങൾ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ ചൊവാഴ്ചയാണ് മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചത്. മികച്ച പ്രതിച്ഛായയും അക്കാദമികമികവും ഉള്ളവരെയാണ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അസ്സ്വബാഹ് തന്റെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നു വനിതകൾ ഉൾപ്പെടെ 15 അംഗങ്ങളാണ് ചൊവാഴ്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിരോധമന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയും ആയി രാജകുടുംബാംഗമായ ശൈഖ് നാസർ മൻസൂർ അസ്വബാഹും, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി അനസ് അൽ സ്വാലിഹം നിയുക്തനായി.
ആദ്യമായാണ് രാജകുടുംബത്തിന് പുറത്തുള്ള ഒരാൾ ആഭ്യന്തര മന്ത്രിയാകുന്നത്. ആരോഗ്യമന്ത്രി സ്ഥാനത്തു ഡോ. ബാസിൽ അസ്സ്വബാഹിനെ നിലനിർത്തിയപ്പോൾ വിദേശകാര്യമന്ത്രിയായി ഡോ. അഹമദ് അൽ നാസർ അൽ മുഹമ്മദ് അസ്വബാഹിനെയാണ് നിയമിച്ചത്. ഖാലിദ് റൗദാൻ (വാണിജ്യം), ഡോ. സൗദ് ഹിലാൽ അൽ ഹർബി (വിദ്യാഭ്യാസം), മുഹമ്മദ് അൽ ജബ്രി (വാർത്താവിനിമയം, യുവജനകാര്യം), ഡോ. ഫഹദ് അൽ അഫാസി (നീതിന്യായം, ഒൗഖാഫ്), ഡോ. ഖാലിദ് അൽ ഫാദിൽ (എണ്ണ, ജല, വൈദ്യുതി), മറിയം അഖീൽ (ധനകാര്യം) ഡോ. ഗദീർ മുഹമ്മദ് അസീരി (സാമൂഹികക്ഷേമം), മുബാറക് സാലിം അൽ ഹരീസ് (പാർലമെൻററീ, സേവനകാര്യം), വലീദ് ഖലീഫ അൽ ജാസിം (മുനിസിപ്പൽ) എന്നിവരാണ് മറ്റുമന്ത്രിമാർ.