LiveTV

Live

Kuwait

കുവൈത്തില്‍ കൂട്ടിച്ചേർത്ത കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കണമെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

ഉടമകൾക്ക് നോട്ടീസ് നൽകുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു

കുവൈത്തില്‍ കൂട്ടിച്ചേർത്ത കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കണമെന്ന്  മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

കൂട്ടിച്ചേർത്ത കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കണമെന്ന് കുവൈത്ത് ജലീബ് അൽ ശുയൂഖിലെ കെട്ടിട ഉടമകൾക്ക് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. മുനിസിപ്പാലിറ്റി അംഗീകരിച്ച പ്ലാനിൽ നിന്ന് വ്യത്യസ്തമായി കൂട്ടിച്ചേർക്കലുകൾ വരുത്തിയ ഭാഗങ്ങൾ പൊളിച്ചു നീക്കി കെട്ടിടങ്ങളുടെ അംഗീകാരം പുതുക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

ക്ളീൻ ജലീബ് കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിരവധി കെട്ടിടങ്ങളിലാണ് അനധികൃത കൂട്ടിച്ചേർക്കലുകൾ കണ്ടെത്തിയത്. ഇത്തരം കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. കൂട്ടിച്ചേർത്ത ഭാഗങ്ങൾ പൊളിച്ചു നീക്കി കെട്ടിടത്തിന്റെ ഘടന മുനിസിപ്പാലിറ്റി അംഗീകരിച്ച പ്ലാനിനു അനുസൃതമാക്കി ക്രമപ്പെടുത്തിയാൽ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.

മുൻസിപ്പാലിറ്റി ഡയറക്ടർ എൻജിനീയർ അഹമ്മദ് അൽ മൻഫൂഹിയുടെ നിർദേശപ്രകാരം സംയുക്ത മന്ത്രിസഭാ സമിതി മേഖലയിൽ പരിശോധന തുടരുകയാണ്. മുനിസിപ്പാലിറ്റി, മാൻ പവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലായം, വാണിജ്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്നതാണ് സംയുക്ത സമിതി. നവംബർ 19ന് ആരംഭിച്ച ക്ളീൻ ജലീബ് കാമ്പയിനിൽ പ്രദേശത്തെ അനുമതിയില്ലാത്ത നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും അനധികൃതമായി സ്ഥാപിച്ച കനോപ്പികളും മറ്റും നീക്കംചെയ്യുകയും ചെയ്തിരുന്നു. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച നിരവധി റിയൽ എസ്റ്റേറ്റ് ഉടമകൾക്കു മുന്നറിയിപ്പ് നോട്ടീസുകളും നൽകിയിട്ടുണ്ട്.