LiveTV

Live

Kuwait

കുവൈത്തിൽ അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് സംവിധാനം സജ്ജമായതായി

ഒരേ സാധനം കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥാപനം ഏതെന്ന് ഉപഭോക്താക്കൾക്ക് പരിശോധിക്കാനാകും

കുവൈത്തിൽ അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് സംവിധാനം സജ്ജമായതായി

കുവൈത്തിൽ അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം പ്രവർത്തന സജ്ജമായതായി സാമൂഹികക്ഷേമ മന്ത്രാലയം. പ്രൈസ് കൺ‌ട്രോൾ സിസ്റ്റം എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുക.

വാണിജ്യ-വ്യവസായ മന്ത്രാലയം, സെൻ‌ട്രൽ മാർക്കറ്റ്, കോഓപ്പറേറ്റ് സൊസൈറ്റികൾ എന്നിവ ആപ് വഴി ബന്ധിപ്പിച്ചാണ് വില നിരീക്ഷണം സാധ്യമാക്കുക.ഓരോ ഉൽപ്പന്നത്തിന്റെയും ശേഖരവും വിലയും പുതിയ സംവിധാനത്തിലൂടെ വാണിജ്യ മന്ത്രാലയത്തിന് ലഭ്യമാകും. ഉപഭോക്താവിനും മൊബൈൽ ആപ്ലിക്കേഷൻ വഴി വില നിലവാരം പരിശോധിക്കാം. ഒരേ സാധനം കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥാപനം ഏതെന്ന് ഉപഭോക്താക്കൾക്ക് പരിശോധിക്കാനാകും. നിലവിൽ 500 ഉൽപന്നങ്ങളുടെ വില ഇ-സംവിധാനം വഴി വിലയിരുത്താൻ ഉപഭോക്താക്കൾക്ക് കഴിയും. പിന്നീട് കൂടുതൽ ഉൽപന്നങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതി.

കുറഞ്ഞ വിലയ്ക്ക് ഉൽപന്നം ലഭിക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് കഴിയുന്നതോടെ വിപണിയിൽ മത്സരം കടുക്കുകയും വില കുറയ്ക്കാൻ കച്ചവടക്കാർ നിർബന്ധിതമാവുകയും ചെയ്യും. ആപ്പ് കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുവെന്ന് മന്ത്രാലയം ഉറപ്പാക്കും. അവശ്യസാധനങ്ങളുടെ വില നിരീക്ഷണത്തിന് മന്ത്രാലയത്തിന് സ്ഥിരം സംവിധാനം ഉണ്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നതിനായി എമർജൻസി ടീം ഉൾപ്പെടെ 30 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അമിത വില ഉൾപ്പെടെയുള്ള പരാതികൾ '135' എന്ന ഹോട്ട്‌ലൈൻ വഴി അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി .