LiveTV

Live

Kuwait

കുവൈത്തില്‍ ക്ലീൻ ജലീബ്; പരിശോധനയുടെ മറവിൽ സാമൂഹിക വിരുദ്ധർ കവർച്ച നടത്തുന്നതായി പരാതി  

കഴിഞ്ഞ രണ്ടാഴ്ചക്കിടെ അബ്ബാസിയ , ഹസാവി ഭാഗങ്ങളില്‍ നിരവധി തട്ടിപ്പറിസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .

കുവൈത്തില്‍ ക്ലീൻ ജലീബ്; പരിശോധനയുടെ മറവിൽ സാമൂഹിക വിരുദ്ധർ കവർച്ച നടത്തുന്നതായി പരാതി  

കുവൈത്തിൽ 'ക്ലീൻ ജലീബ്' എന്ന പേരിൽ മുനിസിപ്പാലിറ്റി ആരംഭിച്ച പരിശോധനയുടെ മറവിൽ സാമൂഹിക വിരുദ്ധർ കവർച്ച നടത്തുന്നതായി പരാതി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അബ്ബാസിയ , ഹസാവി ഭാഗങ്ങളില്‍ നിരവധി തട്ടിപ്പറിസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . പരിശോധന ഉദ്യോഗസ്ഥർ എന്ന വ്യാജേന സമീപിച്ചാണ് കവർച്ചക്കാർ പഴ്‌സും മറ്റും കവർച്ച ചെയ്യുന്നത്.

പരിശോധകർ എന്ന വ്യാജേന സിവിൽ ഐഡി ആവശ്യപ്പെടുകയും പഴ്സ് തട്ടിപ്പറിച്ച് കടന്നുകളയുകയും ചെയ്യുന്നതാണ് ഓപ്പറേഷൻ രീതി . ഒറ്റക്കു നടന്നുപോകുന്നവരാണ് കവർച്ചക്ക് ഇരയാകുന്നത്. അബ്ബാസിയ പൊലീസ് സ്റ്റേഷനില്‍ ഇത്തരം നിരവധി കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . പണം കൊടുക്കാന്‍ വിസമ്മതിക്കുന്നവരെ സംഘം അക്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. രാത്രിയാണ് കാര്യമായി അക്രമ സംഭവങ്ങൾ നടക്കുന്നത്.

കാഴ്ചയിൽ അറബ് വംശജരായി തോന്നിക്കുന്നവരാണ് പണം കവർന്നതെന്ന് ഇരകൾ പറയുന്നു. കൂട്ടമായി എത്തുന്നതിനാൽ ഉദ്യോഗസ്ഥ സംഘമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇവർക്ക് എളുപ്പം കഴിയുന്നുണ്ട്. മലയാളികൾ തിങ്ങിത്താമസിക്കുന്ന അബ്ബാസിയയിൽ നേരത്തെ ഇത്തരം സംഭവങ്ങൾ പതിവായിരുന്നെങ്കിലും സാമൂഹ്യപ്രവർത്തകർ ഇടപെട്ട് പരാതി നൽകിയതിനെ തുടർന്ന് പ്രദേശത്ത് പോലീസ് പട്രോളിംഗ് സജീവമാക്കിയിരുന്നു. ഇതേതുടർന്ന് ഒതുങ്ങിയ കവർച്ചാ സംഘം ഒരിടവേളക്ക് ശേഷം വീണ്ടും തലപൊക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.