LiveTV

Live

Kuwait

കുവൈത്ത് മന്ത്രിസഭയില്‍ രാജകുടുംബത്തില്‍ നിന്നല്ലാത്തവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനം

ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സ്വബാഹിന്റെ നേതൃത്വത്തിലുള്ള നിയുക്ത കാബിനറ്റിലും ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം വകുപ്പുകൾ സബാഹ് കുടുംബത്തിലെ പ്രമുഖർ തന്നെയാകും കൈകാര്യം ചെയ്യുക

കുവൈത്ത് മന്ത്രിസഭയില്‍ രാജകുടുംബത്തില്‍ നിന്നല്ലാത്തവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനം

കുവൈത്തിൽ പുതിയ മന്ത്രിസഭയിൽ രാജകുടുംബത്തിന് പുറത്തുനിന്ന് കൂടുതൽ പേരെ ഉൾപ്പെടുത്തിയേക്കുമെന്നു സൂചന. വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾക്കും ഗോത്രവിഭാഗങ്ങൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുന്ന കാര്യം ആലോചിച്ചു വരുന്നതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.

ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സ്വബാഹിന്റെ നേതൃത്വത്തിലുള്ള നിയുക്ത കാബിനറ്റിലും ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം വകുപ്പുകൾ സബാഹ് കുടുംബത്തിലെ പ്രമുഖർ തന്നെയാകും കൈകാര്യം ചെയ്യുക. നിലവിലെ മന്ത്രിമാരായ അനസ് അൽ സാലിഹ്, മർയം അഖീൽ, ഡോ. ഹാമിദ് അൽ ആസിമി, ഡോ. ബാസിൽ അസ്സബാഹ്, ഫഹദ് അൽ ശുആല, ഡോ. ഖാലിദ് അൽ ഫാദിൽ, ഡോ. ഫഹദ് അൽ അഫാസി, സഅദ് അൽ ഖർറാസ് എന്നിവർ തുടർന്നേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വലിയ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും മുന്നിലുള്ളതിനാൽ കഴിവുതെളിയിച്ച സാങ്കേതിക വിദഗ്ധരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ധാരണ. പ്രമുഖ രാഷ്ട്രീയ കക്ഷികൾക്കും ഗോത്രവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്ന നിർദേശവും പരിഗണയിലുണ്ട്. എം.പിമാരിൽ മുഹമ്മദ് ദലാൽ, റാകാൻ അൽ നിസ്ഫ്, ഫറാജ് അൽ അർബീദ് എനീ പേരുകളാണ് പരിഗണിക്കുന്നത്. സാങ്കേതിക വിദഗ്ധരിൽ നിന്നും ഉദ്യോഗസ്ഥരിൽനിന്നും ഡോ. ഹസൻ കമാൽ, സഅദ് അൽ ബർറാക്, നാസർ അൽ ബർഗശ്, താരിഖ് അൽ മസ്റം, ഖാലിദ് ജാറുല്ല, യാസർ അബൽ എന്നിവരുടെ പേര് പരിഗണിക്കുന്നു. മന്ത്രിമാരുടെ സാധ്യതാലിസ്റ്റ് നിയുക്ത പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് വിവിധ തലങ്ങളിൽ ചർച്ച ചെയ്ത് വരികയാണെന്നും അൽ അംബ റിപ്പോർട് ചെയ്തു .