LiveTV

Live

Kuwait

ട്വിറ്ററിലൂടെ പരസ്പരം വിമർശനം; രണ്ട് മന്ത്രിമാരെ പുറത്താക്കി കുവെെത്ത് അമീർ

ട്വിറ്ററിലൂടെ പരസ്പരം വിമർശനം; രണ്ട് മന്ത്രിമാരെ പുറത്താക്കി കുവെെത്ത് അമീർ

കുവൈത്തിൽ കാവൽ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ ചുമതലയിൽ നിന്ന് നീക്കി. ട്വിറ്ററിലൂടെ പരസ്പരം വിമർശനങ്ങളുന്നയിച്ച സാഹചര്യത്തിലാണ് രാജകുടുംബത്തിലെ പ്രമുഖർ കൂടിയായ ഇവരെ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹ് മന്ത്രിസഥാനത്തു നിന്ന് നീക്കിയത്.

കുവൈത്ത്‌ പ്രധാനമന്ത്രിയായി ഷൈഖ്‌ ജാബർ അൽ മുബാറക്ക്‌ അൽ സബാഹിനെ നിയമിച്ചു കൊണ്ടു കഴിഞ്ഞ ദിവസം അമീർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിലാണ് കാവൽ മന്ത്രി സഭയിലെ രണ്ടു മുതിർന്ന അംഗങ്ങളെ സ്ഥാനത്ത്‌ നിന്നും നീക്കം ചെയ്യണമെന്നു അമീർ നിർദേശിച്ചത്.

അമീറിന്റെ പുത്രനും, പ്രതിരോധമന്ത്രിയുമായ ശൈഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹമദ്, ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജർറാഹ് എന്നിവർക്കാണ് അമീരി ഉത്തരവിലൂടെ മന്ത്രി സഥാനം നഷ്ടമായത്. രാജിവെച്ച മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിമാരായിരുന്നു ഇരുവരും. പുതിയ മന്ത്രിസഭ വരുന്നത് വരെ കാബിനറ്റ് കാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അനസ് അല്‍ സാലിഹ് ആഭ്യന്തര മന്ത്രിയുടെ അധിക ചുമതല വഹിക്കും.

വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിനാണ് പ്രതിരോധമന്ത്രിയുടെ താൽക്കാലിക ചുമതല. അതെ സമയം പ്രധാനമന്ത്രിയാകാനുള്ള അമീറിന്റെ ക്ഷണം ബഹുമാനപൂർവ്വം നിരസിക്കുന്നതായി ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹ് അറിയിച്ചു.

പ്രധാനമന്ത്രി പദം നിരസിക്കേണ്ടിവന്നതിൽ അമീറിനോട് ഖേദം പ്രകടിപ്പിച്ച അദ്ദേഹം അമീറിന് തന്നിലുള്ള വിശ്വാസത്തില്‍ സന്തുഷ്ടനാണെന്നും രാജ്യം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ പൂർണാർത്ഥത്തിൽ നിറവേറ്റാന്‍ സാധിക്കുമോ എന്ന ആശങ്ക കാരണമാണ് താൻ സ്ഥാനം നിരസിക്കുന്നതെന്നും കൂട്ടിച്ചേർത്തു. നവംബര്‍ 14നാണ് ശൈഖ് ജാബിർ മുബാറക് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചത്. പുതിയ മന്ത്രിസഭ വരുന്നത് വരെ തുടരാൻ അമീർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.