LiveTV

Live

Kuwait

കുവൈത്തിൽ ക്ളീൻ ജലീബ് കാമ്പയിന് തുടക്കമാകുന്നു 

മൂന്നു മാസം നീണ്ടു നിൽക്കുന്ന കാമ്പയിനിലൂടെ പ്രദേശത്ത് നിന്നു അനധികൃത താമസക്കാരെ തുടച്ചുമാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

കുവൈത്തിൽ ക്ളീൻ ജലീബ് കാമ്പയിന് തുടക്കമാകുന്നു 

കുവൈത്തിൽ ജലീബ് മേഖലയിലെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ക്ളീൻ ജലീബ് കാമ്പയിൻ ഇന്ന് ആരംഭിക്കും. മൂന്നു മാസം നീണ്ടു നിൽക്കുന്ന കാമ്പയിനിലൂടെ പ്രദേശത്ത് നിന്നു അനധികൃത താമസക്കാരെ തുടച്ചുമാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിൽ സമഗ്രമായ പരിശോധന കാമ്പയിനാണു ഞായറാഴ്ച തുടക്കമാകുന്നത് . മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, വാണിജ്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സമിതിയാണ് റെയിഡിന് നേതൃത്വം നൽകുക. പ്രദേശത്ത് ലൈസൻസില്ലാതെ നിരവധി കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതായി ആദ്യഘട്ട പരിശോധനയിൽ അധികൃതർക്ക് ബോധ്യമായിട്ടുണ്ട് .

അനധികൃത കടകളും വിദേശി ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങളും ഇതിനോടകം നിരീക്ഷണവലയത്തിലാണ്. വീടുകൾ, റിയൽ എസ്റ്റേറ്റ് കെട്ടിടങ്ങൾ, വെയർ ഹൗസുകൾ തുടങ്ങിയവ നിരീക്ഷണ വിധേയമാക്കും. ജലീബിലേക്കുള്ള പ്രവേശന മാർഗങ്ങളിൽ പോലീസ് ചെക്പോയിന്റുകൾ സ്ഥാപിച്ച് ഉൾഭാഗങ്ങളിൽ അരിച്ചുപെറുക്കി പരിശോധന നടത്തുമെന്നാണ് വിവരം . പ്രത്യേക റൂം തുറന്നും ഹെലികോപ്ടർ വഴി ആകാശ നിരീക്ഷണം നടത്തിയും മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം കനത്ത പരിശോധനക്കാണ് നീക്കം.

മൂന്നുമാസത്തിന് ശേഷം ജലീബ് നിലവിലേത് പോലെയായിരിക്കില്ലെന്നു മുനിസിപ്പാലിറ്റി മേധാവി എൻജി. അഹ്മദ് അൽ മൻഫൂഹി പറഞ്ഞു. മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കൂടിയാണ് അബ്ബാസിയ ഉൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്.