LiveTV

Live

Kuwait

കുവൈത്ത് പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തിന് നാളെ തുടക്കമാകും

നിയമം പാസാവുകയാണെങ്കിൽ ബിദൂനികളുടെ പ്രശ്നങ്ങൾ ഒരു വർഷത്തിനകം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കുവൈത്ത് പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തിന് നാളെ തുടക്കമാകും

കുവൈത്ത് പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തിന് നാളെ തുടക്കമാകും. ബിദൂനി പുനരധിവാസമുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളാണ് അജണ്ടയിലുള്ളത്. കാലത്ത് 10 മണിക്ക് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം അമീർ സംബന്ധിക്കുന്ന ആദ്യ പൊതുപരിപാടി എന്ന പ്രത്യേകതയും നാളത്തെ പാർലിമെന്റ് സമ്മേളനത്തിനുണ്ട്. അമീറിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍. പാർലിമെന്റ് സെക്രട്ടറി, നിരീക്ഷകൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുക, ഇടക്കാല സമിതി രൂപവത്കരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുക, ഓഡിറ്റ് ബ്യൂറോ പ്രസിഡൻറ് നോമിനേഷന്‍, തുടങ്ങിയ വിഷയങ്ങളാണ് ഉദ്ഘാടന സെഷന്‍ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബിദൂനികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കരടുനിയമം പുതിയ സെഷനിൽ ചർച്ച ചെയ്യുമെന്ന് പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു. കരടുനിയമം സമർപ്പിക്കുന്നതിന് മുൻപ് ഒരാഴ്ച സമയം അനുവദിക്കണമെന്ന് ഏതാനും എംപിമാർ ആവശ്യപ്പെട്ടതായി പറഞ്ഞ സ്പീക്കർ ബില്ലിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ തയാറായില്ല. നിയമം പാസാവുകയാണെങ്കിൽ ബിദൂനികളുടെ പ്രശ്നങ്ങൾ ഒരു വർഷത്തിനകം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.