LiveTV

Live

Kuwait

കുവൈത്തില്‍ ആശ്രിത വിസ നിയമങ്ങളില്‍ നിയന്ത്രണം

18 വയസ് പൂർത്തിയായ ആൺകുട്ടികൾക്ക് ആശ്രിത വിസ പുതുക്കി നൽകുന്നതിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

കുവൈത്തില്‍ ആശ്രിത വിസ നിയമങ്ങളില്‍ നിയന്ത്രണം

കുവൈത്തിലുള്ള വിദേശികൾക്ക് 12 വയസ്സിനു മുകളിൽ പ്രായമുള്ള മക്കളെ ആശ്രിത വിസയിൽ കൊണ്ട് വരാനാകില്ല. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വകുപ്പിന്‍റെ തീരുമാനപ്രകാരമാണ് പുതിയ നിയന്ത്രണം. 18 വയസ് പൂർത്തിയായ ആൺകുട്ടികൾക്ക് ആശ്രിത വിസ പുതുക്കി നൽകുന്നതിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കുവൈത്തിൽ താമസാനുമതിയുള്ള വിദേശികൾക്ക് 500 ദിനാറിനു മുകളിൽ ശമ്പളം ഉണ്ടെങ്കിലാണ് ഭാര്യ, മക്കൾ എന്നിവരെ സ്വന്തം സ്പോണ്സര്‍ഷിപ്പിൽ കൊണ്ട് വരാൻ അനുവാദമുള്ളത്. നേരത്തെ 450 ദിനാർ ആയിരുന്നു ആശ്രിത വിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി. പോയ വാരമാണ് ഇത് 500 ആക്കി ഉയർത്തിയത്. ഇതിനു പിറകെയാണ് ഇപ്പോൾ ആശ്രിത വിസക്കു കൂടുതൽ നിയന്ത്രങ്ങൾ ഏർപെടുത്തിക്കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം 12 വയസിനു മുകളിൽ പ്രായമുള്ള മക്കൾക്ക് ആശ്രിത വിസ ലഭിക്കില്ല.

നിലവിൽ ആശ്രിത വിസയിൽ കഴിയുന്ന 18 വയസ് പൂർത്തിയായ ആൺ കുട്ടികൾക്ക് വിസ പുതുക്കുന്നതിനും തടസമുണ്ടാകും. പ്രാദേശിക സർവകലാശാലകളിൽ വിദ്യാർഥിയാണെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ മാത്രമേ ഇത്തരക്കാർക്ക് ഇഖാമ പുതുക്കി നൽകൂ. ശമ്പള പരിധി വർധിപ്പിക്കുന്നതിന് മുമ്പ് ആശ്രിത വിസയിലെത്തിയവരുടെ ഇഖാമ പുതുക്കുന്നതിന് കുടുംബ നാഥന്‍റെ പ്രൊഫഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നാണ് വിവരം. ഇതോടൊപ്പം സിറിയ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ട് വരുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.