LiveTV

Live

Kuwait

കുവൈത്തിൽ വിരലടയാള വിവര ശേഖരം വിപുലപ്പെടുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം

നിലവിൽ 8.5 ദശലക്ഷം വിരലടയാളങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള ശേഷിയാണ് ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്‍റിലെ ഫിംഗർ പ്രിന്‍റ് ഡാറ്റാബേസിനുള്ളത്

കുവൈത്തിൽ വിരലടയാള വിവര ശേഖരം വിപുലപ്പെടുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം

കുവൈത്തിൽ വിരലടയാള വിവര ശേഖരം വിപുലപ്പെടുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. ക്രിമിനൽ എവിഡൻസ് വകുപ്പിന്റെ കീഴിലുള്ള വിരലടയാള ഡാറ്റാബേസിന്റെ സ്റ്റോറേജ് ശേഷി വര്‍ദ്ധിപ്പിക്കാന്‍ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ അനുമതി തേടിയിരിക്കുകയാണ് മന്ത്രാലയം.

നിലവിൽ 8.5 ദശലക്ഷം വിരലടയാളങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള ശേഷിയാണ് ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്‍റിലെ ഫിംഗർ പ്രിന്‍റ് ഡാറ്റാബേസിനുള്ളത്. സ്റ്റോറേജ് കപ്പാസിറ്റി 12 ദശലക്ഷമാക്കി വർദ്ധിപ്പിക്കാനാണ് ആഭ്യന്തരമന്ത്രാലയം ലക്ഷ്യമിടുന്നത്. 480,000 ദിനാർ ആണ് ഇതിനുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. ഡാറ്റാബേസ് വിപുലീകരണത്തിനു അനുമതി നൽകണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോക്കു ആഭ്യന്ത മന്ത്രാലയം അപേക്ഷ നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും വ്യാജപാസ്‌പ്പോർട്ടുകളിൽ വിദേശികൾ രാജ്യത്തു പ്രവേശിക്കുന്നത് തടയുന്നതിലും ഫിങ്കർ പ്രിന്‍റ് ഡാറ്റാബേസ് വലിയ രീതിയിൽ സഹായകമാകുന്നുണ്ട്.

2011ലാണ് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിലരലടയാള പരിശോധനാ സംവിധാനം ഏർപ്പെടുത്തിയത്. ഇതിനു ശേഷം അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 14000 വിദേശികളെയാണ് പിടികൂടിയത്. വിമാനത്താവളത്തിൽ പരീക്ഷിച്ച് വൻ വിജയം നേടിയ പരിശോധനാ സംവിധാനം പിന്നീട് രാജ്യത്തെ എല്ലാ കര അതിർത്തികളിലേക്കും തുറമുഖങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. പരിശോധനാ യന്ത്രത്തിൽ വിരൽ വെക്കുന്നതോടെ മൂന്നു സെക്കന്‍റുകൾക്കകം ഡാറ്റാബേസിൽ നിന്ന് വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് പോലീസിന്‍റെ പരിശോധനാ സംവിധാനം സജ്ജീകരിച്ചരിക്കുന്നത്.