LiveTV

Live

Kuwait

ചെറുകിട പദ്ധതികളിലെ തൊഴിലാളികൾക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് കുവെെത്ത്

സ്വകാര്യ മേഖലയിലെ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദേശികളുടെ വിസമാറ്റവുമായി ബന്ധപ്പെട്ട കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന സൂചനയും മാൻ പവർ അതോറിറ്റി നൽകുന്നുണ്ട്.

ചെറുകിട പദ്ധതികളിലെ തൊഴിലാളികൾക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് കുവെെത്ത്

കുവൈത്തിൽ ചെറുകിട പദ്ധതികളിലെ തൊഴിലാളികൾക്ക് മറ്റു കമ്പനികളിലേക്ക് വിസ മാറ്റം അനുവദിക്കില്ലെന്നു മാൻപവർ അതോറിറ്റി. വിസമാറ്റം അനുവദിക്കാൻ മാനവശേഷി വകുപ്പ് തയ്യാറെടുക്കുന്നതായി ചില അറബ് പത്രങ്ങളിൽ വന്ന വാർത്ത നിഷേധിച്ചു കൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി ഇത്തരം സ്ഥാപനങ്ങൾക്ക് ഉദാരമായി വിസ അനുവദിക്കുന്നുണ്ട്. എന്നാൽ ഇത്തരം വിസയിൽ എത്തിയ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലെ മറ്റു സ്ഥാപനങ്ങളിലേക്ക് വിസ മാറ്റാൻ കഴിയില്ല. വിസക്കച്ചവടം തടയുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം വെച്ചത്. എന്നാൽ ഈ നിയന്ത്രണം എടുത്തുമാറ്റാൻ പോകുന്നതായി കഴിഞ്ഞ ദിവസം രാജ്യത്തെ പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയാണ് അധികൃതർ വാർത്താകുറിപ്പിലൂടെ നിഷേധിച്ചത്.

സ്വകാര്യ മേഖലയിലെ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദേശികളുടെ വിസമാറ്റവുമായി ബന്ധപ്പെട്ട കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന സൂചനയും മാൻ പവർ അതോറിറ്റി നൽകുന്നുണ്ട്. സാധുതയില്ലാത്ത 56,000 വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

ഇഖാമ പുതുക്കാതെ ആറുമാസത്തോളം രാജ്യത്തിൻെറ പുറത്തുനിന്നതാണ് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാനുള്ള പ്രധാന കാരണം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സുകളും റദ്ദാക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിൻെറ പ്രത്യേക പരിശോധനകള്‍ക്കു ശേഷമാണ് അധികൃതര്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയത്.