LiveTV

Live

Kuwait

കുവൈത്തിലെ സ്വകാര്യ മേഖലയിൽ 23 ലക്ഷത്തിൽപരം വിദേശ തൊഴിലാളികള്‍

സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതലുള്ളത് ഏഷ്യൻ വംശജരാണ്

കുവൈത്തിലെ സ്വകാര്യ മേഖലയിൽ 23 ലക്ഷത്തിൽപരം വിദേശ തൊഴിലാളികള്‍

കുവൈത്തിലെ സ്വകാര്യ തൊഴിൽ മേഖലയിൽ ഇരുപത്തിമൂന്ന് ലക്ഷത്തിൽപരം വിദേശികൾ തൊഴിലെടുക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. 2018 ഡിസംബർ 31 വരെയുള്ള കണക്കാണ് അതോറിറ്റി പുറത്തു വിട്ടത്. സർക്കാർ മേഖലയിൽ നാലരലക്ഷത്തിലേറെ വിദേശി ജീവനക്കാർ ഉണ്ടെന്നും പാസി പുറത്തു വിട്ട സ്ഥിതി വിവര റിപ്പോർട്ടിൽ പറയുന്നു.

സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതലുള്ളത് ഏഷ്യൻ വംശജരാണ്. ഇതിൽ തന്നെ ഇന്ത്യക്കാരാണ് ഭൂരിപക്ഷം. 34,413 തൊഴിലാളികൾ എന്നതാണ് ആണ് സ്വകാര്യമേഖലയിലെ ആഫ്രിക്കൻ സാന്നിധ്യം. 9,152 യൂറോപ്യന്മാരും 9,520 അമേരിക്കക്കാരും 793 ലാറ്റിനോകളും 650 ആസ്ട്രേലിയക്കാരും സ്വകാര്യമേഖലയിൽ തൊഴിൽ എടുക്കുന്നുണ്ട്.

മൊത്തം തൊഴിൽ ശേഷിയുടെ 25 ശതമാനം ആണ് സ്വകാര്യമേഖലയിലെ അറബ് പൗരന്മാരുടെ പ്രാതിനിധ്യം. ഇവരിൽ ഭൂരിപക്ഷവും കൺസ്ട്രക്ഷൻ മേഖലയിലാണ് തൊഴിലെടുക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാരായ വിദേശികളിൽ 70,945 പേര് അറബ് പൗരന്മാരാണ്.

ആരോഗ്യമന്ത്രാലയത്തലും വിദ്യാഭ്യാസമന്ത്രാലയത്തിലുമാണ് കുവൈത്തിതര അറബ് പൗരന്മാർ കൂടുതലായും ഉള്ളത്. 40,775 ആണ് സർക്കാർ മേഖലയിലെ ഏഷ്യക്കാരുടെ എണ്ണം. ഇതോടൊപ്പം 535 ആഫ്രിക്കൻ വംശജരും 1427 യൂറോപ്യക്കാരും 941 അമേരിക്കക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള 99 പേരും ആസ്ട്രേലിയൻ വൻകരയിൽ നിന്നുള്ള 70 പേരും സർക്കാർ ശമ്പളം വാങ്ങുന്നവരാണ്. രാജ്യത്ത് സ്ഥിരതാമസക്കാരായി 34 ലക്ഷത്തിൽപരം വിദേശികൾ ഉണ്ടെന്നു കഴിഞ്ഞ ദിവസം പാസി വ്യക്തമാക്കിയിരുന്നു.