LiveTV

Live

Kuwait

കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല

പുതിയ അധ്യയന വർഷം ചില സ്കൂളുകൾ ഫീസ് വർധിപ്പിക്കാനൊരുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വാർത്താകുറിപ്പിലൂടെ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്

കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല

കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലെ പ്രൈവറ്റ് എജുക്കേഷൻ ഡിപ്പാർട്ടമെന്റ് അംഗീകരിച്ച നിരക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നും സ്വകാര്യ സ്‌കൂളുകൾക്ക് അധികൃതർ നിർദേശം നൽകി.

വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്‌സിനാണ് സ്വകാര്യ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിൽ ഫീസ് വർദ്ധന പാടില്ലെന്ന് വ്യക്തമാക്കിയത്. മന്ത്രാലയം അംഗീകരിച്ച ഫീസിനു പുറമേ ഏതെങ്കിലും പേരില്‍ സ്‌കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങളുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സഹായത്തിനായി ചാരിറ്റി എന്ന നിലയിൽ നൽകുന്ന തുക സ്വീകരിക്കുന്നതിൽ തെറ്റില്ല.

ഇതോടൊപ്പം സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അംഗീകരിച്ച യോഗ്യതയുള്ളവരെ മാത്രമേ അധ്യാപനത്തിനായി നിശ്ചയിക്കാവൂ എന്നും നിർദേശമുണ്ട്. അഡ്മിഷന്‍ എടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കണം. ഫീസ് വർധന സംബന്ധിച്ചുള്ള പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്‌കൂളിന്‍റെ അനുമതി തന്നെ റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ അധ്യയന വർഷം ചില സ്കൂളുകൾ ഫീസ് വർധിപ്പിക്കാനൊരുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വാർത്താകുറിപ്പിലൂടെ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.