LiveTV

Live

Kuwait

നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി രാജ്യാന്തര ഏജൻസി പരിശോധിക്കുമെന്ന് കുവെെത്ത്

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനു ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല

നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി രാജ്യാന്തര ഏജൻസി പരിശോധിക്കുമെന്ന് കുവെെത്ത്

കുവൈത്തിൽ നഴ്‌സുമാരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാൻ പരിശോധിക്കാൻ അന്താരാഷ്ട്ര ഏജൻസിയെ ചുമതലപ്പെടുത്തി. ഡാറ്റ ചെക്ക് എന്ന അന്തർദേശീയ കമ്പനിയെയാണ് ഇത് ഏൽപിച്ചത്. സർക്കാർ, സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ദന്ത ഡോക്റ്റർമാർക്കും പുതിയ തീരുമാനം ബാധകമാകും.

ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം സർക്കാർ സ്വകാര്യ മേഖലകളിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ എന്നിവയിലെ നഴ്‌സിംഗ് ജീവനക്കാർ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ പരിശോധനക്ക് വിധേയമാക്കി ആധികാരികത തെളിയിക്കേണ്ടി വരും. നഴ്‌സുമാർക്ക് പുറമേ ടെക്‌നീഷ്യന്മാർ ദന്ത ഡോക്റ്റർമാർ എന്നിവർക്കും തീരുമാനം ബാധകമാണെന്നാണ് സൂചന.

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനു ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല. കഴിഞ്ഞ വർഷം കുവൈത്തിൽ വിദേശി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള ചുമതല അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന എപിക് സിസ്റ്റംസ് കോർപറേഷൻ എന്ന ഏജൻസിയെ ഏൽപിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ഡോക്ടർമാരായി നിയമിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനായാണ് ആരോഗ്യമന്ത്രാലയം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കിയത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരിൽനിന്ന് മുഴുവൻ ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്നാണ് സർക്കാർ നിലപാട്.