LiveTV

Live

Kuwait

കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന് 29 വയസ്

അധിനിവേശത്തിന്റെ ഓർമ്മ ദിനത്തിൽ രാജ്യത്തോടുള്ള കൂറും സ്നേഹവും ഉറപ്പിക്കാൻ ഓരോ പൗരനും സാധിക്കണമെന്ന് പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം ആഹ്വാനം ചെയ്തു

കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന് 29 വയസ്

കുവൈത്തിലെ ഇറാഖ് അധിനിവേശത്തിനു ഇന്നേക്ക് 29 വയസ്. അന്താരാഷ്‌ട്ര മര്യാദകൾ കാറ്റിൽ പറത്തി ഇറാഖി പട്ടാളം കുവൈത്ത് എന്ന അയൽ രാജ്യത്തേക്ക് ഇരച്ചു കയറിയത് ഒരു ആഗസ്റ്റ് രണ്ടിനായിരുന്നു. അധിനിവേശത്തെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടം ഐക്യരാഷ്ട്രസഭ വഴി കുവൈത്തിനു ലഭിക്കുന്നുണ്ടെങ്കിലും യുദ്ധ തടവുകാരിൽ പലർക്കും എന്ത് സംഭവിച്ചു എന്നത് ഇന്നും അവ്യക്തമായി തുടരുകയാണ്.

എത്ര പതിറ്റാണ്ടു പിന്നിട്ടാലും കുവൈത്ത് ജനതക്ക് മറക്കാന്‍ കഴിയില്ല 1990 ആഗസ്റ്റ്‌ രണ്ട് എന്ന ആ കറുത്ത തിയ്യതി. അയല്‍രാജ്യത്തിന്‍റെ യുദ്ധക്കൊതിയിൽ കുവൈത്തിന് അന്ന് പലതും നഷ്ടപ്പെട്ടു. വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇറാഖ് സൈന്യം തകര്‍ത്തു തരിപ്പണമാക്കി. നൂറുകണക്കിന് കെട്ടിടങ്ങള്‍ ബുള്‍ഡോസറുപയോഗിച്ച് ഇടിച്ചുനിരത്തി. 639 എണ്ണക്കിണറുകള്‍ക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. നാല് ലക്ഷം കുവൈത്തി പൗരന്‍മാരാണ് അധിനിവേശ കാലയളവില്‍ കുവൈത്തില്‍ നിന്നും പലായനം ചെയ്തത്. നിരവധി പേര്‍ തടവുകാരായി അപ്രത്യക്ഷമാവുകയും ചെയ്തു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. സമീപകാലത്തായി ഇറാഖ്-കുവൈത്ത് നയതന്ത്ര ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതിനിടെ അധിനിവേശത്തിന്റെ ഓർമ്മ ദിനത്തിൽ രാജ്യത്തോടുള്ള കൂറും സ്നേഹവും ഉറപ്പിക്കാൻ ഓരോ പൗരനും സാധിക്കണമെന്ന് പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം ആഹ്വാനം ചെയ്തു. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ചവരെയും ഒപ്പം നിന്ന സൗഹൃദ രാജ്യങ്ങളെയും ഒരിക്കലും കുവൈത് മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.