LiveTV

Live

Kuwait

ജലീബ് മേഖലയിലെ പ്രശ്നപരിഹാര പഠനത്തിനായി നിയോഗിച്ച സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ഫർവാനിയ ഗവർണറേറ്റിൽ വിദേശികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ജലീബ് അൽ ശുയൂഖ്

ജലീബ് മേഖലയിലെ പ്രശ്നപരിഹാര പഠനത്തിനായി നിയോഗിച്ച സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കുവൈത്തിൽ ജലീബ് മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പഠിച്ചു പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി മന്ത്രിസഭ ചുമതലപെടുത്തിയ സമിതി ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഏഴോളം സർക്കാർ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണ് വിഷയം പഠിക്കുന്നത്. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനു തടസം നിൽക്കുന്ന വിവിധ വിഷയങ്ങൾ സമിതി അവലോകനം ചെയ്യും.

ഫർവാനിയ ഗവർണറേറ്റിൽ വിദേശികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ജലീബ് അൽ ശുയൂഖ്. രാജ്യത്ത് ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന അബ്ബാസിയ, ബംഗ്ലാദേശുകാർ തിങ്ങിപ്പാർക്കുന്ന അൽ അഹസാവി, സ്വദേശികൾ താമസിക്കുന്ന ഗർബ് ജലീബ് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണിത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, ശൈഖ് ജാബിർ സ്റ്റേഡിയം, ശദാദിയ യൂനിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളോട് ചേർന്ന് നിൽക്കുന്ന ജലീബ് മേഖലയിൽ അന്തരാഷ്ട്ര നിലവാരത്തിലുള്ള സുസ്ഥിരമായ വികസനമാണ് അധികൃതർ ലക്ഷ്യംവെക്കുന്നത്.

ഇതിനായി ഗോൾഡൻ ട്രയാങ്കിൾ എന്ന പേരിൽ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ട് വർഷങ്ങളായി. നാലു ലക്ഷത്തോളം വരുന്ന വിദേശി സാന്നിധ്യമാണ് ജലീബ് വികസനത്തിന് പ്രധാന തടസ്സമായി വരുന്നത്. അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത, കുറ്റകൃത്യങ്ങളുടെ ആധിക്യം, അനധികൃത താമസക്കാരുടെ സാന്നിധ്യം, വഴിവാണിഭം തുടങ്ങി വിവിധ വിഷയങ്ങളാണ് പരിഹരിക്കാനുള്ളത്. നേരത്തെയും വിവിധ സമിതികൾ രൂപവത്കരിച്ച് പഠനങ്ങൾ നടത്തിയതാണ്. മുനിസിപ്പൽ കൗൺസിലും നിരവധി തവണ വിഷയം ചർച്ച ചെയ്തു. ഇതിലൊന്നും പരിഹാരമാവാത്തതിനെ തുടർന്നാണ് മന്ത്രിസഭ പഠനത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്. വർഷാവസാനത്തോടെ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ .