LiveTV

Live

Kuwait

ഇറാഖ് അധിനിവേശകാലത്തെ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി 270 ദശലക്ഷം ഡോളര്‍ ഏറ്റുവാങ്ങി കുവൈത്ത്

ഇറാഖ് അധിനിവേശകാലത്തെ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി 270 ദശലക്ഷം ഡോളര്‍  ഏറ്റുവാങ്ങി കുവൈത്ത്

ഇറാഖ് അധിനിവേശകാലത്തെ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി 270 ദശലക്ഷം ഡോളര്‍ കൂടി കുവൈത്ത് ഏറ്റുവാങ്ങി. ഐക്യരാഷ്ട്രസഭയുടെ യുദ്ധ നഷ്ടപരിഹാര കമീഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നഷ്ടപരിഹാരമായി 3.7 ശതകോടി ഡോളര്‍ കൂടി ഇറാഖ് കുവൈത്തിന് നല്‍കാനുണ്ടെന്നും കമീഷൻ അറിയിച്ചു.

1990ലെ അധിനിവേശത്തെ തുടര്‍ന്ന് കുവൈത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് പകരമായാണ് യു.എൻ കൊമ്പൻസേഷൻ കമീഷന്റെ നിർദേശപ്രകാരം ഇറാഖ് കുവൈത്തിന് പണം നൽകുന്നത്. 52.4 ശതകോടി ഡോളര്‍ ആണ് കമീഷൻ നിശ്ചയിച്ച മൊത്തം നഷ്ടപരിഹാരത്തുക. ഇതിൽ 48.7 ശതകോടി ഡോളറാണ് കുവൈത്ത് ഇതുവരെ കൈപ്പറ്റിയത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം ഇറാഖ് സേനയെ രാജ്യത്തില്‍ നിന്നും പുറത്താക്കിയ 1991ലാണ് ഐക്യരാഷ്ട്ര സഭ നഷ്ടപരിഹാര കമീഷന്‍ രൂപവത്കരിച്ചത്. ഇറാഖ് കുവൈത്തിനുമേല്‍ നടത്തിയ അധിനിവേശം മൂലം നഷ്ടങ്ങള്‍ നേരിട്ട വ്യക്തികള്‍, കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റു സംഘടനകള്‍ എന്നിവക്കാണ് കമീഷൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. രണ്ടു ദശകത്തോളമായി രാജ്യത്തെ എണ്ണവരുമാനത്തിന്റെ അഞ്ചു ശതമാനം നീക്കി വെച്ചാണ് ഇറാഖ് നഷ്ടപരിഹാരതുക നൽകി വരുന്നത്. ക്രൂഡോയിൽ വിലത്തകർച്ചയും ഐ.എസ് തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടവും രാജ്യത്തെ സാമ്പത്തിക ഘടനയെ ബാധിച്ചതിനെ തുടർന്ന് 2014 മുതൽ യുദ്ധ നഷ്ടപരിഹാരത്തുക നൽകുന്നത് ഇറാഖ് നിർത്തിയിരുന്നു. പിന്നീട് 2018 ഏപ്രിലിലാണ് വീണ്ടും നൽകിത്തുടങ്ങിയത്.