LiveTV

Live

Kuwait

കുവൈത്തിൽ വിദേശികൾക്കായി സിവിൽ ഐഡി സേവനകേന്ദ്രങ്ങൾ സ്ഥാപിക്കും

സിവിൽ ഐഡി ഫീസിന് പുറമെ നിശ്ചിത തുക സർവീസ് ചാർജായി വിദേശികളിൽ നിന്ന് ഈടാക്കിയാകും കേന്ദ്രങ്ങൾ പ്രവർത്തിക്കുക

കുവൈത്തിൽ വിദേശികൾക്കായി സിവിൽ ഐഡി സേവനകേന്ദ്രങ്ങൾ സ്ഥാപിക്കും

കുവൈത്തിൽ വിദേശികൾക്ക് വേണ്ടി സിവിൽ ഐഡി സേവനകേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സബ് സെന്ററുകൾ സ്ഥാപിച്ചു. പാസി പ്രധാന കാര്യാലയത്തിലെ തിരക്ക് കുറക്കാനാണ് അതോറിറ്റിയുടെ നീക്കം. ഇതിനുള്ള അനുമതിക്കായി ധനമന്ത്രാലയത്തെ സമീപിച്ചതായി പാസി വൃത്തങ്ങൾ വെളിപ്പെടുത്തി.

സിവിൽ ഐഡി രെജിസ്ട്രേഷൻ, പുതുക്കൽ, വിതരണം തുടങ്ങി വിവിധ എല്ലാ സേവനങ്ങളും സൗത്ത് സൂറയിലെ പാസി കാര്യാലയത്തിലാണ് നിർവഹിക്കുന്നത്. ഇത് മൂലം പ്രവൃത്തി സമയങ്ങളിൽ പാസി ഓഫീസിൽ വൻ ജനത്തിരക്കു അനുഭവപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ജോലി ഭാരവും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സ്വദേശികൾക്കു വേണ്ടിയുള്ള സർവീസ് സെന്ററുകളുടെ മാതൃകയിൽ വിദേശികൾക്കും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ സിവിൽ ഇൻഫർമേഷൻ വകുപ്പ് പദ്ധതിയിട്ടത്.

ഇതിനുള്ള അനുമതി തേടിയാണ് ഇപ്പോൾ ധനമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. പാസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സ്വകാര്യ ഏജൻസികൾക്ക് ഔട്ട് സോഴ്സ് കരാർ നൽകുന്നതിനെ കുറിച്ചാണ് അതോറിറ്റിയുടെ ആലോചന. വ്യക്തിഗത വിവിരങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടു ഡാറ്റ എൻട്രി ജോലികൾ മാത്രമായിരിക്കും ഇത്തരം ഏജൻസികളെ ഏൽപ്പിക്കുക. പാസിഹെഡ് ക്വാർട്ടേഴ്‌സിൽ തിരക്കും ജോലിഭാരവും കുറക്കുന്നതിന് പുതിയ നീക്കം സഹായകമാകുമെന്നാണ് കണക്കു കൂട്ടൽ.

സിവിൽ ഐഡി ഫീസിന് പുറമെ നിശ്ചിത തുക സർവീസ് ചാർജായി വിദേശികളിൽ നിന്ന് ഈടാക്കിയാകും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഓരോ കേന്ദ്രത്തിലും നിരീക്ഷണത്തിനായി സൂപ്പർവൈസർമാരെ നിയോഗിക്കുമെന്നും സിവിൽ ഇൻഫർമേഷൻ അതോറിറ്റി ധനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.