LiveTV

Live

Kuwait

കുവെെത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ 2022ഓടെ സജ്ജമാകും

1.3 ശതകോടി ദീനാർ ചെലവിലാണ് ലിമാക് രണ്ടാം ടെർമിനലിൻെറ നിർമാണം ഏറ്റെടുത്ത് നടത്തുന്നത്.

കുവെെത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ 2022ഓടെ സജ്ജമാകും

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനൽ 2022 ആഗസ്റ്റിൽ പ്രവർത്തന സജ്ജമാകുമെന്നു ആസൂത്രണകാര്യ മന്ത്രി മര്‍യം അഖീല്‍. ടെർമിനലിന്റെ നിർമ്മാണ ജോലികൾ 36 ശതമാനം പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

ടെർമിനൽ സൈറ്റിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തുര്‍ക്കി അംബാസിഡര്‍ ആയിഷ കുയിതക്, തുര്‍ക്കിയിലെ കുവൈത്ത് അംബാസിഡര്‍ ഗാസന്‍ അല്‍ സവാവി, തുര്‍ക്കിഷ് കമ്പനിയായ ലീമാക്കിൻറെ ടെക്‌നിക്കല്‍, എൻജിനീയറിങ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.

1.3 ശതകോടി ദീനാർ ചെലവിലാണ് ലിമാക് രണ്ടാം ടെർമിനലിൻറെ നിർമാണം ഏറ്റെടുത്ത് നടത്തുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും. നിലവിൽ 50 ലക്ഷം യാത്രക്കാരാണ് പ്രതിവർഷം വിമാനത്താവളം വഴി യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്.

ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സ് ആണ് പദ്ധതിയുടെ രൂപരേഖ തയറാക്കിയത്. ചിറകുകളുടെ രൂപത്തിൽ 1.2 കിലോ മീറ്റർ ദൈർഘ്യമുള്ള മൂന്നു ടെർമിനലുകളാണ് നവീകരണ ഭാഗമായി നിർമിക്കുന്നത്. 4,500 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്ന ബഹുനില പാർക്കിങ് സമുച്ചയം, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ബജറ്റ് ഹോട്ടൽ, വിശാലമായ അറൈവൽ-ഡിപാർച്ചർ ഹാളുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയും നിർമാണഘട്ടത്തിലാണ്.