LiveTV

Live

Kuwait

കുവൈത്തില്‍ സ്വദേശി പാർപ്പിട മേഖലയിൽ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പിടികൂടാൻ മുനിസിപ്പാലിറ്റി

താമസ കേന്ദ്രങ്ങളിൽ വിദേശി ബാച്ചിലർമാർ ഉണ്ടെങ്കിൽ 139 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റിലൂടെയോ നോരിട്ടോ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു

കുവൈത്തില്‍ സ്വദേശി പാർപ്പിട മേഖലയിൽ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പിടികൂടാൻ മുനിസിപ്പാലിറ്റി

സ്വദേശി പാർപ്പിട മേഖലയിൽ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പിടികൂടാൻ മുനിസിപ്പാലിറ്റി പ്രത്യേക കാമ്പയിൽ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ മാതൃകാ താമസകേന്ദ്രങ്ങളിൽ ബോധവത്കരണബോർഡുകൾ സ്ഥാപിച്ചു. പാര്‍പ്പിടങ്ങളില്‍ വിദേശി ബാച്ചിലർമാരെ താമസിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ജൂലൈ ഒന്ന് മുതൽ ആരംഭിച്ച വ്യാപകമായ പരിശോധന കാമ്പയിന്റെ മുന്നോടിയായാണ് ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചത്. വിവിധ പ്രദേശങ്ങളിലായി 124 പരസ്യ ബോർഡുകളാണ് മുൻസിപ്പാലിറ്റി കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. പരിശോധനക്കായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി സ്വകാര്യ പാർപ്പിട മേഖലകളിൽ പരിശോധന നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി പൊതുജന സമ്പർക്ക വിഭാഗം മേധാവി മുഹമ്മദ് അൽ മുതൈരി പറഞ്ഞു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മുഴുവനായി പരിശോധന നടത്തുമെന്നും നിയമം ലംഘിച്ച് സ്വദേശി താമസ കേന്ദ്രങ്ങളിൽ താമസിക്കുന്ന മുഴുവൻ വിദേശി ബാച്ചിലർമാരെയും ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനിസിപ്പാലിറ്റി വിഷയത്തെ എത്രമാത്രം ഗൗരവമായാണ് എടുക്കുന്നതെന്ന് ബോധവത്കരണം നടത്താനാണ് ആദ്യഘട്ടമായി പരസ്യം പതിച്ചത്. അടുത്ത ദിവസങ്ങളിൽ വ്യാപകമായ ഒഴിപ്പിക്കൽ നടപടികൾ ഉണ്ടകും. എല്ലാ ഗവർണറേറ്റുകളിലേക്കും മുനിസിപ്പാലിറ്റി പ്രചാരണ ബോർഡുകൾ എത്തിച്ചിട്ടുണ്ട്. ബാച്ചിലർമാരോട് ഒഴിയാനാവശ്യപ്പെട്ടും താമസക്കാരോട് ഇതുസംബന്ധിച്ച വിവരങ്ങളും പരാതികളും അറിയിക്കാനാവശ്യപ്പെട്ടുമാണ് പരസ്യങ്ങൾ. താമസ കേന്ദ്രങ്ങളിൽ വിദേശി ബാച്ചിലർമാർ ഉണ്ടെങ്കിൽ 139 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റിലൂടെയോ നോരിട്ടോ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.