LiveTV

Live

Kuwait

ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സ്പോൺസർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം

സമാന സംവിധാനം ഗാർഹിക മേഖലയിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മാൻപവർ അതോറിറ്റി ഡയറക്ടർ പറഞ്ഞു

ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സ്പോൺസർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ വകവെച്ചു നൽകാത്ത സ്പോൺസർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം. ഗാർഹിക മേഖലയിൽ നിന്ന് ആവർത്തിച്ചു വരുന്ന പരാതികളുടെ പശ്ചാത്തലത്തിൽ മാൻ പവർ അതോറിറ്റിയാണ് ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്.

അൽ ജരീദ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങൾ, വേതനം നൽകാതിരിക്കല്‍, പീഡനം തുടങ്ങി നിരവധി പരാതികളാണ് അധികൃതർക്ക് ലഭിക്കുന്നത്. ഒരു സ്പോണ്‍സർക്കെതിരെ ഏഴും എട്ടും തവണ പരാതികൾ ലഭിക്കുന്ന സാഹചര്യമുണ്ട്. ഇത്തരക്കാര്‍ വീണ്ടും തൊഴിലാളികളെ കൊണ്ട് വരൻ അനുവദിക്കുന്നത് യുക്തിയല്ല എന്നതിനാലാണ് ബ്ലാക് ലിസ്റ്റ് ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നത്.

നിരവധി തവണ തൊഴിലാളികളിൽ നിന്ന് പരാതി ലഭിക്കുന്ന സ്പോണ്‍സർമാരെയും റിക്രൂട്മെന്റ് ഓഫീസുകളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി റിക്രൂട്മെന്റ് അനുമതി നിഷേധിക്കാനാണ് അതോറിറ്റി നീക്കം നടത്തുന്നത്. സ്വാകാര്യ തൊഴിൽ മേഖലയിൽ നിലവിൽ ബ്ലാക്ക് ലിസ്റ്റിങ് സംവിധാനം ഫലപ്രദമായി നടക്കുന്നുണ്ട്. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച കാണിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിച്ച് റിക്രൂട്മെന്റ് വിളക്കുകയാണ് സ്വകാര്യമേഖലയിൽ ചെയ്തു വരുന്നത്. സമാന സംവിധാനം ഗാർഹിക മേഖലയിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മാൻപവർ അതോറിറ്റി ഡയറക്ടർ പറഞ്ഞു.