LiveTV

Live

Kuwait

രാജ്യാന്തര മത്സരങ്ങളിൽ കുവെെത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനൊരുങ്ങി ഒളിമ്പിക് കമ്മിറ്റി

വിലക്ക് മൂലം അന്താരാഷ്ട്ര മത്സര വേദികളിൽനിന്ന് കുവൈത്ത് മാറ്റി നിർത്തപ്പെട്ടിരുന്നു.

 രാജ്യാന്തര മത്സരങ്ങളിൽ കുവെെത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനൊരുങ്ങി ഒളിമ്പിക് കമ്മിറ്റി

രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുവൈത്തിലെ കായിക താരങ്ങൾക്കേർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പിൻവലിക്കുമെന്ന് റിപ്പോർട്ട്. കുവൈത്ത് നാഷനൽ ഒളിമ്പിക് കമ്മിറ്റിയിലേക്ക് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളുടെ പട്ടിക അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കൈമാറിയതോടെയാണ് വിലക്ക് പിന്‍വലിക്കാനുള്ളസാധ്യത തെളിഞ്ഞത്.

കുവൈത്ത് നാഷനൽ ഒളിമ്പിക് കമ്മിറ്റിയിലേക്കു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പട്ടിക അന്താരാഷ്ട്ര ഒളിമ്പിക് എക്സിക്യൂട്ടിവ് കമ്മിറ്റി പട്ടിക അംഗീകരിച്ചാൽ കുവൈത്തിന് മേലുള്ള വിലക്ക് നീങ്ങാൻ വഴിയൊരുങ്ങും. അതിന് അധികം കാലതാമസമെടുക്കില്ലെന്നാണ് റിപ്പോർട്ട്.

കായിക വിലക്ക് നീക്കുന്നതിനുള്ള അവസാന കടമ്പയും പൂർത്തീകരിച്ചതായും കുവൈത്തിന് മേലുള്ള വിലക്ക് പിൻവലിച്ച് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാവുമെന്നും സ്പോർട്സ് അതോറിറ്റി ഉപമേധാവി ഡോ. സഖർ അൽ മുല്ല പറഞ്ഞു. കായിക മേഖലയിൽ സർക്കാറിൻെറ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ചാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫിഫയും കുവൈത്തിനെ സസ്പെൻഡ് ചെയ്തത്.

വിലക്ക് മൂലം അന്താരാഷ്ട്ര മത്സര വേദികളിൽനിന്ന് കുവൈത്ത് മാറ്റി നിർത്തപ്പെട്ടിരുന്നു. കായിക സംഘടനകളുടെ മേൽ സർക്കാർ ഇടപെടില്ല എന്ന് ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ (ഫിഫ) കുവൈത്തിന് ഏർപ്പെടുത്തിയ വിലക്ക് ഡിസംബറിൽ പിൻവലിച്ചിരുന്നു.