LiveTV

Live

Kuwait

കുവൈത്തിലെ മണി എക്സ്‌ചേഞ്ചുകളിൽ സ്വദേശി സംവരണ തോത് ഉയർത്തണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം

ജൂലൈ 20 മുതൽ ഇക്കാര്യം നടപ്പിലാക്കണമെന്നും സെൻട്രൽ ബാങ്ക് നിർദേശിച്ചു

 കുവൈത്തിലെ മണി എക്സ്‌ചേഞ്ചുകളിൽ സ്വദേശി സംവരണ തോത് ഉയർത്തണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം

കുവൈത്തിലെ മണി എക്സ്‌ചേഞ്ചുകളിൽ സ്വദേശി സംവരണത്തിന്റെ തോത് ഉയർത്തണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം. ഇനി മുതല്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 15 ശതമാനം സ്വദേശികളെ നിയമിക്കണം. ജൂലൈ 20 മുതൽ ഇക്കാര്യം നടപ്പിലാക്കണമെന്നും സെൻട്രൽ ബാങ്ക് നിർദേശിച്ചു.

ധനവിനിമയ സ്ഥാപനങ്ങളിലെ സംവരണ തോത് ഉയർത്തിക്കൊണ്ടുള്ള മാൻപവർ അതോറിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ ബാങ്ക് എക്സ്ചേഞ്ച് കമ്പനികൾക്ക് നിർദേശം നല്‍കിയത് . നിലവിൽ മൊത്തം ജീവനക്കാരുടെ 13 ശതമാനം കുവൈത്തികൾ ആയിരിക്കണം എന്നാണ് നിയമം . ജൂലൈ 20 മുതലാണ് സംവരണതോത് പതിനഞ്ചു ശതമാനമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലാകുക.

അതേസമയം നിർദേശം നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് എക്സ്ചേഞ്ച് കമ്പനികളുടെ വാദം. പരമാവധി മുന്നൂറ് ദിനാർ വരെയാണ് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം. ദിവസം എട്ടു മണക്കൂർ വീതം ആഴ്ചയിൽ ആറു ദിവസം രണ്ടു ഷിഫ്റ്റുകൾ ആയി ജോലി ചെയ്യേണ്ടി വരും. താരതമ്യേന കുറഞ്ഞ വേതനത്തിന് ഈ രീതിയിൽ ജോലി ചെയ്യാൻ കുവൈത്തി ഉദ്യോഗാർത്ഥികൾ തയാറാകുമോ എന്നതാണ് പ്രധാന പ്രശ്നം.

ഉയർന്ന വേതനം നൽകി കുവൈത്തി ഉദ്യോഗാർത്ഥികളെ നിയമിക്കേണ്ടി വന്നാൽ അത് കമ്പനികളുടെ നിലനിൽപ്പിനെ അവതാളത്തിലാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തി മാൻപവർ അതോറിറ്റിക്ക് കത്തയക്കാനുള്ള തയാറെടുപ്പിലാണ് എക്സ്ചേഞ്ച് ഉടമകളുടെ കൂടായ്മയായ ഫെഡറേഷൻ ഓഫ് എക്സ്ചേഞ്ച് കമ്പനീസ്.