LiveTV

Live

Kuwait

രാജ്യത്തെ വിദേശികളുടെ എണ്ണം നിയന്ത്രിക്കണമെന്ന് കുവെെത്ത് എം.പിമാര്‍

‘ഒരു രാജ്യക്കാരുടെയും എണ്ണം കുവൈത്തികളുടെ 40 ശതമാനത്തിൽ കവിയരുത്’

രാജ്യത്തെ വിദേശികളുടെ എണ്ണം നിയന്ത്രിക്കണമെന്ന് കുവെെത്ത് എം.പിമാര്‍

കുവൈത്തിൽ വിദേശികളുടെ ആധിക്യം അതീവ ഗുരുതര പ്രശ്നമെന്ന് എം.പിമാർ. ജനസംഖ്യാസന്തുലനം നടപ്പാക്കാൻ ദേശീയ അതോറിറ്റി രൂപീകരിക്കണമെന്നും വിദേശികളുടെ എണ്ണം കുവൈത്തി ജനസംഖ്യയുടെ 60 ശതമാനത്തിൽ ഒതുക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

പാർലമെൻറംഗങ്ങളായ മുഹമ്മദ് അൽ ദലാൽ, ഈസാ അൽ കന്ദരി, ഉസാമ അൽ ഷാഹീൻ, ഖലീൽ അൽ സാലിഹ് എന്നിവരാണ് ഇക്കാര്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. അമിതമായ വിദേശി സാന്നിധ്യം രാജ്യത്തിൻെറയും സമൂഹത്തിൻെറയും അസ്തിത്വവുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ വിഷയമാണിതെന്നു ചൂണ്ടിക്കാട്ടിയ എം.പിമാർ ജനസംഖ്യാക്രമീകണം നടപ്പാക്കാൻ ദേശീയ തലത്തിൽ അതോറിറ്റി രൂപീകരിക്കണമെന്നും നിർദേശിച്ചു.

ഇതുസംബന്ധിച്ച കരടുനിർദേശം എം.പിമാർ പാർലമെൻറിൽ സമർപ്പിച്ചിട്ടുണ്ട്. വിദേശികൾ തിങ്ങിപ്പാർക്കുന്നത് മൂലം അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റുമായി രാജ്യം കൂടുതൽ പണം ചെലവിടേണ്ടി വരുന്നു. കൂടുതൽ ആളുണ്ടാവുമ്പോൾ സ്വാഭാവികമായും സംവിധാനങ്ങളും കൂടുതൽ ഒരുക്കേണ്ടിവരും. ഇത് രാജ്യത്തിൻെറ ബജറ്റിനെ വരെ ബാധിക്കുന്നു. അതിനാൽ സ്വദേശികളുടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പുവരുത്തുകയും താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിൽ നിയമം പാസാക്കുകയും തുടർന്ന് പത്ത് വർഷത്തിനകം വിദേശി ജനസംഖ്യ നിശ്ചിത ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരികയും വേണമെന്ന് കരടുനിർദേശത്തിൽ പറയുന്നു.

ഒരു രാജ്യക്കാരുടെയും എണ്ണം കുവൈത്തികളുടെ 40 ശതമാനത്തിൽ കവിയരുത്. കൂടുതൽ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ച് വൈവിധ്യം ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളും കരട് ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്