LiveTV

Live

Kuwait

കുവെെത്തില്‍ ഇനി ശമ്പളം നല്‍കാന്‍ വെെകിയാല്‍ പിടിവീഴും

സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു

കുവെെത്തില്‍ ഇനി ശമ്പളം നല്‍കാന്‍ വെെകിയാല്‍ പിടിവീഴും

ശമ്പളം വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത്. എല്ലാ മാസവും ഏഴാം തീയതിക്കുള്ളിൽ ജീവനകകാരുടെ ശമ്പളം നൽകിയില്ലെങ്കിൽ ഫയൽ മരവിപ്പിക്കുമെന്നാണ് മാൻ പവർ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്.

രാജ്യത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ പദ്ധതി കരാറുകാർക്കും ചെറുകിട ബിസിനസ് സംരംഭകർക്കും ബാധകമാകുന്നതാണ് മാൻപവർ അതോറിറ്റിയുടെ മുന്നറിയിപ്പ്. എല്ലാ മാസവും ഏഴാം തീയതിക്കുള്ളിൽ ശമ്പളം നൽകിയിരിക്കണം. എട്ടാം തീയതിയായിട്ടും ശമ്പളവിതരണം പൂർത്തിയാക്കാത്ത സ്ഥാപനങ്ങളുടെ ഫയൽ മരവിപ്പിക്കും.

സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. മാസങ്ങളായി ജീവനക്കാര്‍ക്ക് ശംബളം നൽകാത്ത സ്ഥാപനങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇതേ തുടര്‍ന്നാണ് നടപടി കർശനമാക്കാൻ തീരുമാനിച്ചത്.

ഇതോടൊപ്പം ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തില്‍ എത്തിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. അതോറിറ്റിക്കു കീഴിലുള്ള ഏജന്‍സികള്‍ മുഖേനയായിരിക്കും ഗാര്‍ഹിക തൊഴിലാളികളുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക എന്നും അധികൃതർ കൂട്ടിച്ചേർത്തു