LiveTV

Live

Kuwait

ഉച്ചവിശ്രമം നിയമം പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ കർശന നടപടിയെടുക്കാന്‍ കുവൈത്ത്

നിരോധിത സമയങ്ങളിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാല്‍ റിപ്പോർട്ട് ചെയ്യണമെന്ന് കുവൈത് ഹ്യൂമൻ റൈറ്റ് സൊസൈറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

 ഉച്ചവിശ്രമം നിയമം പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ കർശന നടപടിയെടുക്കാന്‍ കുവൈത്ത്

കുവൈത്തിൽ ഉച്ചവിശ്രമം നിയമം പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നിരോധിത സമയങ്ങളിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാല്‍ റിപ്പോർട്ട് ചെയ്യണമെന്ന് കുവൈത് ഹ്യൂമൻ റൈറ്റ് സൊസൈറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഉച്ച വിശ്രമ നിയമം ലംഘിക്കുന്ന തരത്തിൽ നിരോധിത സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ 5564333 എന്ന വാട്സ് ആപ്പ് നമ്പറിൽ അറിയിക്കണമെന്നാണ് ഹ്യൂമൻ റൈറ്റ് സൊസൈറ്റിയുടെ അഭ്യർത്ഥന. നിയമലംഘനത്തിന്റെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പൊതുജനങ്ങൾക്ക് ഈ നമ്പറിലേക്ക് അയക്കാവുന്നതാണ്.

ജോലിക്കാരുടെ സുരക്ഷക്കു മുൻഗണന നൽകുന്നത് കൊണ്ടാണ് സർക്കാർ ഉച്ച വിശ്രമം നിര്ബന്ധമാക്കിയതെന്നും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ തൊഴിലുടമകൾക്ക് ബാധ്യതയുണ്ടെന്നും ഹ്യൂമൻ റൈറ്റ് സൊസൈറ്റി ചെയർമാൻ ഹുമൈദി പറഞ്ഞു. അന്താരാഷ്‌ട്ര നിയമങ്ങൾ അനുസൃതമായ തൊഴിൽ സാഹചര്യവും സുരക്ഷയും ഒരുക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് തൊഴിലുടമകൾക്ക് മാറിനിൽക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേനൽക്കാലത്ത് രാവിലെ 11 മണി മുതൽ വൈകീട്ട് അഞ്ചുമണിവരെ സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് മാൻ പവർ അതോറിറ്റി വിലക്കേർപ്പെടുത്തിയത്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് നിരോധമുള്ളത്. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കർശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്