LiveTV

Live

Kuwait

സാമ്പത്തിക ക്രമക്കേട്; കുവെെത്ത് ധനമന്ത്രിക്കെതിരെ കുറ്റവിചാരണക്ക് നോട്ടീസ്

ജൂൺ 11ന് ചേരുന്ന പാർലമെൻറ് സമ്മേളനത്തിൽ കുറ്റവിചാരണ ചർച്ച ചെയ്യുമെന്ന് ആക്ടിങ് സ്പീക്കർ പറഞ്ഞു

സാമ്പത്തിക ക്രമക്കേട്; കുവെെത്ത് ധനമന്ത്രിക്കെതിരെ കുറ്റവിചാരണക്ക് നോട്ടീസ്

കുവൈത്ത് പാർലിമെന്റിൽ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ഗ്രില്ലിങ് നോട്ടീസ്. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചു ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫിനെതിരെയാണ് എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്.

റിയാദ് അൽ അദസാനി, ബദർ അൽ മുല്ല എന്നീ എം.പിമാരാണ് ധന മന്ത്രാലയത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടിയത്. ജൂൺ 11ന് ചേരുന്ന പാർലമെൻറ് സമ്മേളനത്തിൽ കുറ്റവിചാരണ ചർച്ച ചെയ്യുമെന്ന് ആക്ടിങ് സ്പീക്കർ ഈസ അൽ കന്ദരി പറഞ്ഞു.

പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ബജറ്റ് നിശ്ചയിച്ചതിനേക്കാൾ ചെലവുകൾ അധികരിച്ചതും വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളിലുണ്ടായ നഷ്ടവും ആണ് പ്രധാന ആരോപണങ്ങൾ. തെറ്റായ നിക്ഷേപ തീരുമാനത്തിലൂടെ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, സോവറിൻ വെൽത് ഫണ്ട് തുടങ്ങിവക്ക് കോടിക്കണക്കിന് ദീനാറിന്റെ സാമ്പത്തിക നഷ്ടമുണ്ടായാതായി എം.പിമാർ ആരോപിച്ചു.

ഫ്രഞ്ച് ന്യൂക്ലിയർ കമ്പനിയിലെ നിക്ഷേപം കുറഞ്ഞ വിലക്ക് വിറ്റത് മൂലം 517 ദശലക്ഷം യൂറോയുടെ നഷ്ടമുണ്ടായി. വിവിധ രാജ്യങ്ങളിൽ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി നിക്ഷേപിച്ച കമ്പനികൾ പാപ്പരായതോടെ 468 ദശലക്ഷം ഡോളർ നഷ്ടപ്പെട്ടു തുടങ്ങിയ ആരോപണങ്ങളും കുറ്റവിചാരണ നോട്ടീസിൽ എം.പിമാർ ഉന്നയിച്ചിട്ടുണ്ട്.