LiveTV

Live

Kuwait

തൊഴിലന്വേഷകര്‍ സൂക്ഷിക്കുക, ഈ കമ്പനികള്‍ കരിമ്പട്ടികയിലാണ്

മുംബൈ, ചെന്നൈ, ദൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 18 ഏജൻസികൾ ആണ് എംബസ്സിയുടെ കരിമ്പട്ടികയിൽ ഇടം പിടിച്ചത്

തൊഴിലന്വേഷകര്‍ സൂക്ഷിക്കുക, ഈ കമ്പനികള്‍ കരിമ്പട്ടികയിലാണ്

കുവൈത്തിലേക്ക് തൊഴിൽ തേടി വരുന്നവർ വിശ്വാസയോഗ്യമല്ലാത്ത ഏജൻസികളെയും തൊഴിലുടമകളെയും മാറ്റിനിർത്തണമെന്നു ഇന്ത്യൻ എംബസ്സി. റിക്രൂട്ടിങ് ഏജൻസികളുടെയും തൊഴിൽ ദാധാക്കളുടെയും പട്ടികയും എംബസ്സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോശം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്പനികളുടെയും ഏജൻസികളുടെയും പട്ടിക പ്രസിദ്ധീകരിച്ചതെന്ന് എംബസ്സി വ്യക്തമാക്കി.

മുംബൈ, ചെന്നൈ, ദൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 18 ഏജൻസികൾ ആണ് എംബസ്സിയുടെ കരിമ്പട്ടികയിൽ ഇടം പിടിച്ചത്.

ഡൽഹിയിലെ എസ്.എഫ് ഇൻറർനാഷനൽ ഡൽഹി, എൻ.ഡി എൻറർപ്രൈസസ്, സാറ ഓവർസീസ്, യു.എസ് ഇൻറർനാഷനൽ, സബ ഇൻറർനാഷനൽ ടൂർ ആൻഡ് ട്രാവൽസ്, എം.ഇ.എക്സ് കൺസൽട്ടൻറ്, ജാവ ഇൻറർനാഷനൽ, സ്റ്റാർ ഇൻറർനാഷനൽ മുംബൈ ആസ്ഥാനമായ എസ്.ജി ട്രാവൽ ഏജൻസി, അമേസിങ് എൻറർപ്രൈസസ്, ഗ്ലോബൽ സർവിസസ്, ചെന്നൈയിലുള്ള ഐ.ക്യു എജുക്കേഷനൽ അക്കാദമി, പാറ്റ്നയിലെ സ്റ്റാർ എൻറർപ്രൈസസ്, ഇൻറർനാഷനൽ എച്ച്.ആർ കൺസൽട്ടൻറ്, എസ്.എം.പി സർവിസസ് ലക്‌നൗ, സെറ്റിൽ ഇൻറർനാഷനൽ സിറാക്പൂർ എന്നിവയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഏജൻസികൾ.

തൊഴിൽ തേടി കുവൈത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ മേല്പറഞ്ഞ ഏജൻസികളെ ഒഴിവാക്കണമെന്നാണ് എംബസ്സി നിർദേശം. കുവൈത്തിലുള്ള 92 സ്ഥാപനങ്ങളുടെയും സ്പോൺസർമാരുടെയും പട്ടികയും എംബസ്സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനറൽ ട്രേഡിങ് കമ്പനി മുതൽ ബുക്ക് ഷോപ് വരെയുള്ള ഇത്തരം സ്ഥാപനങ്ങളിൽ ഇന്ത്യക്കാർ ജോലിക്ക് ശ്രമിക്കരുതെന്നു എംബസ്സി നിർദേശിച്ചു.

കഴിഞ്ഞ ദിവസം മംഗലാപുരത്തുനിന്നുള്ള ഏജൻസിയുടെ കീഴിൽ വന്ന 35 ഇന്ത്യക്കാർ തങ്ങളുടെ ദുരിതം വിവരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തി ലാണ് ഇന്ത്യൻ എംബസി തൊഴിലന്വേഷകർ വിട്ടുനിൽക്കേണ്ട ഏജൻസികളുടെയും സ്പോണ്സർമാരുടെയും പട്ടിക പ്രസിദ്ധീകരിച്ചത്.