LiveTV

Live

Kuwait

കുവൈത്തിൽ നാലായിരം വിദേശി എഞ്ചിനീയർമാർക്ക് എൻ.ഒ.സി നിഷേധിച്ചതായി എഞ്ചിനിയേഴ്‌സ് സൊസൈറ്റി

എഞ്ചിനീയർ അല്ലാതെ മറ്റു തസ്തികയിലേക്ക് ജോലി മാറുകയോ നാട്ടിലേക്കു മടങ്ങുകയോ ആണ് ഇത്തരക്കാർക് മുന്നിലുള്ള മാർഗം

കുവൈത്തിൽ നാലായിരം വിദേശി എഞ്ചിനീയർമാർക്ക് എൻ.ഒ.സി നിഷേധിച്ചതായി എഞ്ചിനിയേഴ്‌സ് സൊസൈറ്റി

കുവൈത്തിൽ നാലായിരം വിദേശി എഞ്ചിനീയർമാർക്ക് എൻ.ഒ.സി നിഷേധിച്ചതായി എഞ്ചിനിയേഴ്‌സ് സൊസൈറ്റി. സർട്ടിഫിക്കറ്റുകൾക്കു അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തീകരിക്കാത്തതിനാലാണ് എൻ.ഒ.സി നൽകാതെ തിരിച്ചയച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരാണ് അംഗീകാരം നഷ്ടമായവരിൽ ഭൂരിഭാഗവും.

എഞ്ചിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സിന്റെ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്നാണ് എഞ്ചിനീയറിങ്ങ് തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളുടെ യോഗ്യതാ സട്ടിഫിക്കറ്റുകൾ അധികൃതർ പരിശോധിച്ചു തുടങ്ങിയത്.

ഇത്തരത്തിൽ പരിശോധന നടത്തിയ 34000ത്തോളം സട്ടിഫിക്കറ്റുകളിൽ 4000 എണ്ണമാണ് മതിയായ മാനദണ്ഡം പാലിക്കാത്തതിനാൽ തിരിച്ചയച്ചത്. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അംഗീകാരം നഷ്ടമായവരിൽ ഏറെയും. നിരവധി മലയാളി എഞ്ചിനീയർമാരും ഇക്കൂട്ടത്തിൽ ഉള്ളതായാണ് സൂചന.

കഴിഞ്ഞ വർഷം മുതലാണ് എഞ്ചിനീയർമാർക്ക് ഇഖാമ പുതുക്കി നൽകണമെങ്കിൽ എഞ്ചിനീയർസ് സൊസൈറ്റിയുടെ എൻ.ഒ.സി വേണമെന്ന് മാൻപവർ അതോറിറ്റി നിബന്ധന വെച്ചത്. കുവൈത്ത് സര്‍ക്കാരിന്‍റെ അക്രഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവർക്കു മാത്രമേ എൻ.ഒ.സി നൽകൂ എന്നാണു എഞ്ചിനീർസ് സൊസൈറ്റിയുടെ നിലപാട്.

ഇന്ത്യയിൽ എൻ.ബി.എ അക്രെഡിറ്റെഷൻ ഉള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്ത കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങിയവർക്കാണ് എൻ.ഒ.സി നിഷേധിക്കപ്പെടുന്നത്. എഞ്ചിനീയർ അല്ലാതെ മറ്റു തസ്തികയിലേക്ക് ജോലി മാറുകയോ നാട്ടിലേക്കു മടങ്ങുകയോ ആണ് ഇത്തരക്കാർക് മുന്നിലുള്ള മാർഗം.