LiveTV

Live

Kuwait

മേഖലയില്‍ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കുവെെത്ത്

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്ത് പാർലമെന്റ് അടിയന്തിരയോഗം ചേർന്നിരുന്നു

മേഖലയില്‍ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കുവെെത്ത്

മേഖലയിൽ ഒരു യുദ്ധത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം. ഇറാനുമായി ബന്ധപ്പെട്ട് മേഖലയിൽ രൂപപ്പെട്ട സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് സ്പീക്കറുടെ പ്രസ്താവന. ഏതു സാഹചര്യത്തെയും നേരിടാൻ സർക്കാർ തയാറെടുത്തതായും സ്പീക്കർ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്ത് പാർലമെന്റ് അടിയന്തിരയോഗം ചേർന്നിരുന്നു. രഹസ്യ സ്വഭാവത്തിൽ നടന്ന യോഗത്തിനു ശേഷമാണ് മേഖലയിൽ ഒരു യുദ്ധത്തിനുള്ള സാധ്യത കൂടുതലാണെന്ന് സ്പീക്കർ പ്രസ്താവിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് ഇപ്പോൾ പറയാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

മേഖലയെ ആകെ ബാധിക്കുന്ന അത്തരമൊരു സ്ഥിതിവിശേഷം മുന്നിൽ കണ്ട് സർക്കാർ ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് സാഹചര്യത്തെയും നേരിടാൻ സർക്കാർ തയാറെടുത്തിട്ടുണ്ട്.

മുന്നൊരുക്കങ്ങൾ സംബന്ധിച്ച സർക്കാർ വിശദീകരണത്തിൽ എം.പിമാർ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാർലമെൻറ് അംഗങ്ങൾ ജാഗ്രതയും ഉത്തരവാദിത്തബോധവും പുലർത്തണമെന്നും മർസൂഖ് അൽ ഗാനിം കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് സ്ഥിതികളുമായി ബന്ധപ്പെട്ട് ഒന്നര മണിക്കൂർ സംസാരിച്ചു. മറ്റു മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ കാഴ്ചപ്പാടുകളും വിവരങ്ങളും പങ്കുവെച്ചു.