LiveTV

Live

Kuwait

കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന്  ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കുവെെത്ത്

നഷ്ടപരിഹാരം ആവശ്യപ്പെട്ട് 16 പരാതികളാണ് ഇതുവരെ ലഭിച്ചത്

കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന്  ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കുവെെത്ത്

കുവൈത്തിൽ വെട്ടുകിളി ശല്യം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തിനു അപേക്ഷിക്കാം. കാർഷിക മൽസ്യ വിഭവ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നഷ്ട പരിഹാര അപേക്ഷകൾ സ്വീകരിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായി അതോറിറ്റി വ്യക്തമാക്കി.

കാർഷിക മത്സ്യവിഭവ അതോറിറ്റിയും ഫാർമേഴ്സ് യൂനിയനും ചേർന്നാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 16 പരാതികളാണ് ഇതുവരെ ലഭിച്ചത്. കൂടുതൽ പേർ സമീപിക്കുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ.

വഫ്രയിലെ വെട്ടുകിളി ശല്യം രൂക്ഷമായ ഫാമുകളിൽ കാർഷിക അതോറിറ്റിയുടെ നേതൃത്വത്തിൽ രാസമരുന്ന് തളിക്കുന്നതായി കർഷക യൂനിയൻ മേധാവി അബ്ദുല്ല അൽ ദമക് പറഞ്ഞു. കാർഷിക അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, അഗ്നിശമന സേന, നാഷനൽ ഗാർഡ്, പരിസ്ഥിതി അതോറിറ്റി എന്നിവയിലെ 230 ജീവനക്കാരെ 12 സംഘങ്ങളാക്കി തിരിച്ചാണ് മരുന്നുതളിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്.

നിലവിൽ വഫ്രയിലെ ഫാമുകളിൽ മാത്രമാണ് വെട്ടുകിളി ആക്രമണമുള്ളത്. സമീപപ്രദേശമായ സുലൈബിയയിലെ ഫാമുകളിലേക്ക് കൂടി ബാധിക്കാതിരിക്കാൻ അധികൃതർ ജാഗ്രതയിലാണ്. കൃഷിനാശം സംഭവിച്ച കർഷരുമായി കാർഷിക അതോറിറ്റി ആശയവിനിമയം നടത്തുന്നുമുണ്ട്. വിളകൾക്ക് സംരക്ഷണ കവചമൊരുക്കി പരമാവധി നാശം കുറക്കാൻ കർഷകർ ശ്രമിക്കുന്നുണ്ട് .