LiveTV

Live

Kuwait

കുവൈത്തിൽ സ്വദേശി പാർപ്പിടമേഖലകളിലെ ബാച്ച്ലർ താമസക്കാർക്കെതിരെയുള്ള നടപടികൾ താൽക്കാലികമായി നിർത്തി

മുനിസിപ്പൽ മന്ത്രിയുടെ നിർദേശത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് റമദാനിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നു വൈദ്യുതി മന്ത്രാലയവും പ്രഖ്യാപിച്ചത്

കുവൈത്തിൽ സ്വദേശി പാർപ്പിടമേഖലകളിലെ ബാച്ച്ലർ താമസക്കാർക്കെതിരെയുള്ള നടപടികൾ താൽക്കാലികമായി നിർത്തി

കുവൈത്തിൽ സ്വദേശി പാർപ്പിടമേഖലകളിലെ ബാച്ച്ലർ താമസക്കാർക്കെതിരെയുള്ള നടപടികൾ താൽക്കാലികമായി നിർത്തി. റമദാൻ കഴിയുന്നത് വരെയാണ് പരിശോധനകളും മറ്റും നിർത്തിയത്. റമദാനിൽ ഇവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടയില്ലെന്ന് വൈദ്യുതി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

മുനിസിപ്പൽ കാര്യ മന്ത്രി ഫഹദ് അൽ ശുഹലയുടെ നിർദേശപ്രകാരമാണ് ബാച്ലർമാർക്കെതിരെയുള്ള നടപടികൾ താൽക്കാലികമായി നിർത്തിയത്. റമദാൻ മാസം കഴിയുന്നതോടെ പരിശോധനകളുൾപ്പെടെ വ്യാപകമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി. മുനിസിപ്പൽ മന്ത്രിയുടെ നിർദേശത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് റമദാനിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നു വൈദ്യുതി മന്ത്രാലയവും പ്രഖ്യാപിച്ചത്.

മുനിസിപ്പാലിറ്റിക്ക് പുറമെ വൈദ്യുതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്ന സംഘമാണ് ബാച്ച്ലർ താമസക്കാരെ കണ്ടെത്തുന്നതിനായി പരിശോധന നടത്തിവരുന്നത്. മെയ് ആദ്യ വാരം നടത്തിയ പരിശോധനയിൽ ഹവല്ലി, ഫർവാനിയ, അഹ്മദി എന്നീ ഗവര്‍ണ്ണറേറ്റുകളിലെ 15ഓളം കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. സ്വദേശി താമസ മേഖലകളിൽ വിദേശി ബാച്ചിലർമാർക്ക് താമസം അനുവദിക്കുന്നതിനെതിരെ പരാതികൾ വ്യാപകമായതോടെയാണ് അധികൃതർ ശക്തമായ നടപടികൾ ആരംഭിച്ചത്.