LiveTV

Live

Kuwait

നഴ്സുമാരുടെ നിയമന രീതിയില്‍ മാറ്റം വരുത്താന്‍ കുവെെത്ത്

കുവൈത്തിലെ സേവനം പരിശീലനകാലമായി പ്രയോജനപ്പെടുത്താനാണ് വിദേശി നഴ്സുമാർ ശ്രമിക്കുന്നതെന്നാണ് മന്ത്രാലയത്തിൻെറ വിലയിരുത്തൽ

നഴ്സുമാരുടെ നിയമന രീതിയില്‍ മാറ്റം വരുത്താന്‍ കുവെെത്ത്

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്‌സുമാരുടെ നിയമന രീതിയിൽ മാറ്റം വരുത്താൻ അധികൃതർ ആലോചിക്കുന്നതായി റിപ്പോർട്ട്. സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ് മന്ത്രാലയം പരിഗണിക്കുന്നത്.

നഴ്സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാൽ സേവനാനന്തര ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ല എന്നതാണ് അധികൃതർ കാണുന്ന നേട്ടം. വിദേശ നഴ്സുമാരിൽ പലരും നാലോ അഞ്ചോ വർഷത്തെ സേവനത്തിന് ശേഷം കാനഡ, ഓസ്ത്രേലിയ തുടങ്ങിയിടങ്ങളിലേക്ക് മാറിപ്പോകുന്നതും അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. കുവൈത്തിലെ സേവനം പരിശീലനകാലമായി പ്രയോജനപ്പെടുത്താനാണ് വിദേശി നഴ്സുമാർ ശ്രമിക്കുന്നതെന്നാണ് മന്ത്രാലയത്തിൻെറ വിലയിരുത്തൽ.

ജാബിർ ആശുപത്രി ഉൾപ്പെടെ അടുത്തിടെ തുറന്നതും ഇപ്പോൾ നിർമാണവും നവീകരണവും നടക്കുന്നതുമായ ആതുരാലയങ്ങളിലേക്ക് നിരവധി നഴ്സുമാരെ ആവശ്യമാണ്. സബാഹ് ആശുപത്രി നവീകരണം ജൂലൈയിലും അദാൻ ആശുപത്രി വികസനം 2020 ഏപ്രിലിലും പൂർത്തിയാവും. ഇൻഷുറൻസ് ആശുപത്രിയും 2020ൽ പൂർത്തിയാവുമെന്നാണ് കരുതുന്നത്.

ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിരവധി ക്ലിനിക്കുകളും വരുന്നുണ്ട്. ഇവിടങ്ങളിലേക്കുള്ള ആയിരക്കണക്കിന് ഒഴിവുകളിൽ ഹ്രസ്വകാല കരാർ നിയമനത്തിന് ഊന്നൽ നൽകിയുള്ള പുതിയ നയം നടപ്പാക്കിയാൽ മലയാളികൾ ഉൾപ്പെടെയുളള തൊഴിലന്വേഷകർക്ക് വൻ തിരിച്ചടിയാകും.