LiveTV

Live

Kuwait

കടലിന് മുകളിലൂടെയുള്ള കോസ്‍വേ തുറന്ന് കൊടുത്ത് കുവെെത്ത്

കൊറിയൻ കമ്പനിയായ ഹ്യുണ്ടായി ആണ് പാലം പണിയുടെ മേൽനോട്ടം നിർവഹിച്ചത്

കടലിന് മുകളിലൂടെയുള്ള കോസ്‍വേ തുറന്ന് കൊടുത്ത് കുവെെത്ത്

കുവൈത്തിന്റെ വികസനപാതയിലെ നാഴികക്കല്ലായ ശൈഖ് ജാബിർ കോസ് വേ അമീർ രാജ്യത്തിനു സമർപ്പിച്ചു. ഭരണതലത്തിലെ പ്രമുഖരും വിദേശ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. വലിപ്പത്തിൽ ലോകത്തില്‍ നാലാം സ്ഥാനത്തുള്ള ഷെയ്ഖ് ജാബിർ കോസ്‌വെ ആറു വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

കുവൈത്തിന്റെ വികസന ചരിത്രത്തിലെ അഭിമാന പദ്ധതിയാണ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജബ്‌രി അൽ സ്വബാഹ് ഇന്ന് രാജ്യത്തിനു സമർപ്പിച്ചത്. ബുധനാഴ്ച കാലത്തു നടന്ന ഉദ്ഘാടന ചടങ്ങിൽ ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ലീ നാക് യോൻ മുഖ്യാതിഥിയായിരുന്നു.

കിരീടാവകാശി ഷെയ്ഖ് നവാഫ് സാല് അഹമ്മദ് അൽസ്വബാഹ് , പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം, പ്രധാനമന്ത്രി ശൈഖ് മുബാറ ജാബിർ അൽ സ്വബാഹ് എന്നിവർക്കൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

കൊറിയൻ കമ്പനിയായ ഹ്യുണ്ടായി ആണ് പാലം പണിയുടെ മേൽനോട്ടം നിർവഹിച്ചത്. കുവൈത്ത് സിറ്റിയിൽ രണ്ട് ദിശയിലേക്കു നീളുന്ന പാലത്തിന്റെ കൂടുതൽ ഭാഗങ്ങളും കടലിനു മുകളിലൂടെയാണ് കടന്നു പോകുന്നത്.

ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റർ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്കു 12.4 കിലോമീറ്റർ നീളമാണുള്ളത്.

പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററിൽനിന്ന് 37.5കിലോമീറ്റർ ആയി കുറയും. ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളാണ് ശൈഖ് ജാബിർ പാലത്തിൽ ഒരുക്കിയിട്ടുള്ളത്.