LiveTV

Live

Kuwait

കുവൈത്തിൽ 2021 മുതൽ മൂല്യ വർദ്ധിതനികുതി നടപ്പാക്കും

മൂല്യവർധിത നികുതി നടപ്പാക്കണമെന്നത് ജി.സി.സി തലത്തിലെടുത്ത തീരുമാനമാണെങ്കിലും പ്രാദേശികമായ എതിർപ്പ് കാരണം കുവൈത്തിൽ വാറ്റ് പ്രാബല്യത്തിൽ വന്നിട്ടില്ല

കുവൈത്തിൽ 2021 മുതൽ മൂല്യ വർദ്ധിതനികുതി നടപ്പാക്കും

കുവൈത്തിൽ 2021 ഏപ്രിൽ മുതൽ മൂല്യ വർദ്ധിതനികുതി നടപ്പാക്കാൻ സർക്കാർതലത്തിൽ നീക്കമാരംഭിച്ചതായി റിപ്പോർട്ട്. പുകയില ഉൽപന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവക്ക് 2020 ഏപ്രിൽ തുടക്കം മുതൽ നികുതി ഏർപ്പെടുത്താൻ ആലോചനയുള്ളതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

മൂല്യവർധിത നികുതി നടപ്പാക്കണമെന്നത് ജി.സി.സി തലത്തിലെടുത്ത തീരുമാനമാണെങ്കിലും പ്രാദേശികമായ എതിർപ്പ് കാരണം കുവൈത്തിൽ വാറ്റ് പ്രാബല്യത്തിൽ വന്നിട്ടില്ല. 2021/ 22 സാമ്പത്തിക വർഷം മുതൽ നടപ്പാക്കണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത് എങ്കിലും പാർലമെന്‍റിന്‍റെ ശക്തമായ എതിർപ്പ് മറികടന്ന് വാറ്റ് നടപ്പാക്കൽ എളുപ്പമാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. പാർലമെന്‍റിലെ ചർച്ചയടക്കമുള്ള ഭരണഘടനാപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മാത്രമേ നിയമനിർമാണം നടത്താനാവൂ. ഇതിന് ശേഷമല്ലാതെ നികുതിയേർപ്പെടുത്താനാവില്ല. സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് വാറ്റ് ഉൾപ്പെടെയുള്ള നടപടികൾ അനിവാര്യമാണെന്ന കാര്യം പാർലമെന്‍റിനെ ബോധ്യപ്പെടുത്തി സമവായത്തിലെത്താനാണ് അധികൃതർ ശ്രമിക്കുന്നത്. സൗദിയും യു‌എ‌ഇയും കഴിഞ്ഞ വർഷം വാറ്റ് നടപ്പാക്കിയിരുന്നു. കുവൈത്തിൽ ഏതെങ്കിലും തരത്തിലുള്ള നികുതി ഏർപ്പെടുത്തുക വ്യക്തമായ നിയമ പിൻബലത്തോടെ മാത്രമാകുമെന്ന് ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫും സെൻട്രൽ ബാങ്ക് ഗവർണർ മുഹമ്മദ് അൽ ഹാഷിലും രണ്ടുമാസം മുമ്പ് അറിയിച്ചിരുന്നു.