LiveTV

Live

Kuwait

വിദേശികൾ അയക്കുന്ന പണത്തിന് നികുതി; പാർലമെന്റിന്റെ പരിഗണനക്ക് വിട്ട് കുവെെത്ത്

സർക്കാറിന് മുന്നിൽ സമ്മർദ്ദം ചെലുത്തി നികുതി നിർദേശം നടപ്പാക്കാനാണ് സാമ്പത്തികകാര്യ സമിതിയുടെ നീക്കം

വിദേശികൾ അയക്കുന്ന പണത്തിന് നികുതി; പാർലമെന്റിന്റെ പരിഗണനക്ക് വിട്ട് കുവെെത്ത്

കുവൈത്തിൽ വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തണമെന്ന കരടുനിർദേശം പാർലമെൻറിൻറെ പരിഗണനക്ക് വിട്ടു. പാർലമെൻറിലെ നിയമകാര്യ സമിതിയും സർക്കാറും എതിർപ്പ് തുടരുന്നതിനിടെ തന്നെയാണ് സാമ്പത്തികകാര്യ സമിതി കരടുനിർദേശം വോട്ടിന് വിട്ടത്.

സർക്കാറിന് മുന്നിൽ സമ്മർദ്ദം ചെലുത്തി നികുതി നിർദേശം നടപ്പാക്കാനാണ് സാമ്പത്തികകാര്യ സമിതിയുടെ നീക്കം. വിദേശികൾക്ക് റെമിറ്റൻസ് ടാക്സ് ഏർപ്പെടുത്തുന്നത് ഭരണഘടനക്ക് എതിരല്ലെന്നും, സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ നികുതി വിഷയത്തിൽ തുല്യനീതി പാലിക്കണമെന്ന് ഭരണഘടന പറയുന്നില്ലെന്നും സാമ്പത്തിക സമിതി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

സഫ അൽ ഹാഷിം എം.പി സമർപ്പിച്ച നികുതി നിർദേശം കഴിഞ്ഞ ജനുവരിയിൽ പാർലമെന്റിന്റെ നിയമകാര്യ സമിതി ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. വിദേശികൾക്ക് മാത്രം നികുതി ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും സ്വദേശി വിദേശി വിവേചനം ഉണ്ടാക്കുന്നതും ആണെന്നാണ് നിയമകാര്യ സമിതിയുടെ വാദം. റെമിറ്റൻസ് ടാക്സ് നടപ്പാക്കിയാൽ സമ്പദ്ഘടനയിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കും എന്ന് വിലയിരുത്തി നേരത്തെ മന്ത്രിസഭയും നിർദേശം നിരാകരിച്ചിരുന്നു.

നികുതി ഏർപ്പെടുത്തുന്നത് സമ്പദ്‌ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികൾ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നുമാണ് സർക്കാറിന്റെ ആശങ്ക. കള്ളപ്പണം ഒഴുകുമെന്നും സാമ്പത്തിക വ്യവസ്ഥക്ക് മേൽ പിടി നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി സെൻട്രൽ ബാങ്കും റെമിറ്റൻസ് ടാക്സ് നിർദേശത്തെ എതിർത്തിരുന്നു.