LiveTV

Live

Kuwait

ബാങ്കിങ്ങ് സുരക്ഷക്കായി അന്താരാഷ്ട്ര കമ്പനിയുടെ സഹായം തേടി കുവൈത്ത് സെൻട്രൽ ബാങ്ക്

കഴിഞ്ഞ മാസം ഗൾഫ് ബാങ്കിന്റെ നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത് 2.8 ദശലക്ഷം ദിനാർ ഡിജിറ്റല്‍ കവർച്ച നടത്തിയ സംഭവമുണ്ടായിരുന്നു

ബാങ്കിങ്ങ് സുരക്ഷക്കായി അന്താരാഷ്ട്ര കമ്പനിയുടെ സഹായം തേടി കുവൈത്ത് സെൻട്രൽ ബാങ്ക്

ബാങ്കിങ്ങ് മേഖലയുടെ സുരക്ഷക്കായി ഈ രംഗത്തെ അന്താരാഷ്‌ട്ര ഏജൻസികളുമായി കുവൈത്ത് സെൻട്രൽ ബാങ്ക് ചര്‍ച്ചകള്‍ ആരംഭിച്ചു. ഓരോ ബാങ്കിന്റേയും പ്രോഗ്രാമുകൾ, ആപ്ലിക്കേഷനുകൾ, ബാങ്ക് കാർഡുകളും മറ്റു സോഫ്റ്റ്‍വെയറുകളും ഉപയോഗിച്ചുള്ള ക്രയവിക്രയം എന്നിവ ഉള്‍പ്പടെ നെറ്റ്‍വര്‍ക്ക് സംവിധാനത്തിലെ കരുത്തും ദൗർബല്യവും വിശദമായി പഠനം നടത്തി റിപ്പോർട്ട് നൽകാനാണ് ഏജൻസിയെ ചുമതലപ്പെടുത്തുന്നത്. സെൻട്രൽ ബാങ്ക് ഇത് സംബന്ധിച്ച സർക്കുലർ രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കുകൾക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഗൾഫ് ബാങ്കിന്റെ നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത് 2.8 ദശലക്ഷം ദിനാർ ഡിജിറ്റല്‍ കവർച്ച നടത്തിയ സംഭവമുണ്ടായിരുന്നു. ഉപഭോക്താക്കളെ ബാധിച്ചില്ലെങ്കിലും ബാങ്കിന് വലിയ നഷ്ടമുണ്ടായി. തദ്ദേശീയ ബാങ്കുകളുടെ ഐ.ടി മാനേജർമാർക്ക് അന്താരാഷ്ട്ര കമ്പനിയുടെ സഹായം ലഭ്യമാക്കും.

ഉപഭോക്താക്കളുടെ അക്കൗണ്ടും ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവങ്ങളും മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷയൊരുക്കുന്നതിനാണ് കുവൈത്ത് സെൻട്രൽ ബാങ്ക് വിദഗ്ദ ഏജൻസിയുടെ സഹായം തേടുന്നത്.