LiveTV

Live

Kuwait

റമദാനിൽ ഭിക്ഷാടനം തടയുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഒരു കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാൽ മക്കളുൾപ്പെടെ മുഴുവൻ പേരെയും നാടുകടത്തും

റമദാനിൽ ഭിക്ഷാടനം തടയുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

റമദാനിൽ ഭിക്ഷാടനം തടയുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിബന്ധനകൾക്ക് വിധേയമല്ലാതെ റമദാനിൽ ധനസമാഹരണത്തിലേർപ്പെടുന്ന വിദേശികളെ നാടുകടത്തുമെന്നും ഗാർഹിക തൊഴിലാളികൾ പിടിക്കപ്പെട്ടാൽ സ്പോൺസർമാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അനധികൃത പണപ്പിരിവും യാചനയും കണ്ടെത്തുന്നതിനുവേണ്ടി റമദാനിലുടനീളം പരിശോധന സജീവമാക്കാനാണ് പദ്ധതി. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതിയെ ഇതിനായി ചുമതലപ്പെടുത്തും. വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘം സിവിൽ വേഷത്തിലാകും പരിശോധനക്കിറങ്ങുക. പള്ളികൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സദാസമയവും നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകും.

ഒരു കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാൽ മക്കളുൾപ്പെടെ മുഴുവൻ പേരെയും നാടുകടത്തും. സ്വകാര്യ സ്ഥാപനങ്ങളുടെ വിസയിൽ ഉള്ളവരാണ് യാചനയിൽ ഏർപ്പെടുന്നതെങ്കിൽ കമ്പനിയുടെ ഫയൽ മരവിപ്പിക്കും. സന്ദർശന വിസയിൽ എത്തിയവരാണ് യാചനയിലേർപ്പെട്ടതെങ്കിലും സ്പോൺസറുടെ ഫയൽ മരവിപ്പിക്കും. അനധികൃത ധനസമാഹരണത്തിന് പിടിക്കപ്പെടുന്നത് സ്വദേശിയാണെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ശേഷം പ്രോസിക്യൂഷനു വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അംഗീകാരമുള്ള സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് നിബന്ധനകളോടെ പിരിവിന് അനുമതി നൽകുക. മന്ത്രാലയം നൽകിയ തിരിച്ചറിയൽ അനുമതി കാർഡ് കൈവശമില്ലാതെ പണപ്പിരിവ് നടത്തുന്നത് നിയമലംഘനമാണ്.