LiveTV

Live

Kuwait

മലയാളികളടങ്ങുന്ന 52 അംഗ ഉംറ സംഘം മക്കയിൽ കുടുങ്ങിക്കിടക്കുന്നു

ഇരുപത്തി ഒന്ന് മലയാളികളടക്കം മുപ്പത്തി മൂന്നു ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമാണ് സംഘത്തിലുള്ളത്.

മലയാളികളടങ്ങുന്ന 52 അംഗ ഉംറ സംഘം മക്കയിൽ കുടുങ്ങിക്കിടക്കുന്നു

കുവൈത്തിൽ നിന്നെത്തിയ 52 അംഗ ഉംറ സംഘം മക്കയിൽ കുടുങ്ങിക്കിടക്കുന്നു. ഇവരുടെ പാസ്‌പോർട്ടുകൾ അധികൃതരിൽ നിന്നും നഷ്ടപ്പെട്ടതാണ് കാരണം. 21 മലയാളികളടക്കം 33 ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമാണ് സംഘത്തിലുള്ളത്. കുവൈത്തിൽ നിന്ന് ബസ് മാർഗം ഈ മാസം നാലിനാണ് സംഘം മക്കയിലെത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ്, ഈജിപ്ഷ്യൻ രാജ്യക്കാരാണ് മറ്റുള്ളവർ.

അതിർത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷൻ നടപടിക്രമങ്ങൾ കഴിഞ്ഞ് മക്കയിലെ താമസസ്ഥലത്ത് എത്തിയപ്പോൾ മുഴുവൻ പേരുടെയും പാസ്‌പോർട്ടുകൾ അടങ്ങിയ ബാഗ് ബസ് ഡ്രൈവർ ഹോട്ടൽ അധികൃതരെ ഏൽപ്പിച്ചിരുന്നതായി പറയുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഇക്കാര്യം വ്യക്തവുന്നുമുണ്ട്. എന്നാൽ പിന്നീട് ക്ലീനിങ് ജോലിക്കാർ സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ ഇതേ ബാഗും ഗാർബേജിൽ തള്ളുകയും അങ്ങനെ പാസ്പ്പോർട്ടുകൾ നഷ്ടപ്പെട്ടു എന്നുമാണ് അനുമാനിക്കുന്നത്.

പ്രശ്നം ഇന്ത്യൻ കോൺസുലേറ്റിലെത്തുകയും പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ചെയ്യേണ്ട നിബന്ധനകൾ പൂർത്തിയാക്കി ഒരു വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് ഇവർക്ക് നല്കാനുമാണ് കോൺസുലേറ്റ് തീരുമാനം.

എന്നാൽ ഇനി പുതിയ പാസ്പോർട്ട് ലഭിച്ച് അതിൽ വിസ സ്റ്റാമ്പ് ചെയ്ത് കുവൈത്തിലേക്ക് മടങ്ങുന്നതിനു കാലതാമസം വന്നേക്കാമെന്നും ഇവർ ഭയക്കുന്നു. വിസിറ്റിങ് വിസയിൽ കുവൈത്തിൽ എത്തി അവിടെ നിന്ന് ഉംറ വിസയിൽ മക്കയിലേക്ക് വന്നവരുമുണ്ട് കൂട്ടത്തിൽ. പാസ്പോർട്ട് ഇല്ലാതെ സൗദിയിൽ പുറത്ത് ഇറങ്ങി നടക്കാൻ കഴിയാത്ത പ്രയാസത്തിലുമാണ് ഇവരുള്ളത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി നടപടിക്രമങ്ങൾ ലഘൂകരിച്ച് എത്രയും പെട്ടെന്ന് പാസ്പോര്ട്ട് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.