LiveTV

Live

Kuwait

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് സംവിധാനവുമായി കുവെെത്ത്

കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം ജോലിക്കാർ രക്ഷപ്പെടുന്നത് ഒഴിവാക്കാൻ സംവിധാനം സഹായകമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു കൂട്ടൽ

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് സംവിധാനവുമായി കുവെെത്ത്

കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് സംവിധാനം നടപ്പാക്കാൻ നീക്കം. ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ സ്പോൺസറുടെ അനുമതി നിർബന്ധമാക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഷാഹിദ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയാൽ സ്പോൺസറുടെയോ പ്രതിനിധിയുടെയോ രേഖാ മൂലമുള്ള അനുമതി കൂടാതെ ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്ത് വിടാനാവില്ല. സ്പോൺറുടെ താമസ പരിധിയിലെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ സ്പോൺസറോ പ്രതിനിധിയോ നേരിട്ട് ഹാജരായി വേണം അനുമതിപത്രത്തിൽ ഒപ്പുവെക്കാൻ.

വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ സിവിൽ ഐഡി, പാസ്സ്‌പോർട്ട് എന്നിവക്കൊപ്പം അനുമതി പത്രം കൂടി കാണിച്ചാൽ മാത്രം കുവൈത്ത് വിടാൻ കഴിയുന്ന രീതിയിലുള്ള സംവിധാനത്തെ കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം ജോലിക്കാർ രക്ഷപ്പെടുന്നത് ഒഴിവാക്കാൻ എക്സിറ്റ് പെർമിറ്റ് സംവിധാനം സഹായകമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു കൂട്ടൽ. അതെ സമയം നിലവിൽ ഗാർഹിക മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഇരട്ടിയാക്കുന്നതാകും പുതിയ സംവിധാനമെന്നാണ് സാമൂഹ്യപ്രവർത്തകർ ആശങ്കപ്പെടുന്നത്. അടിയന്തരമായി നാട്ടിൽ പോവേണ്ട സന്ദർഭങ്ങളിലും മറ്റും നിർദിഷ്ട നിയമം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നാണ് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.