LiveTV

Live

Kuwait

കുവൈത്തിൽ ഗാർഹിക ജോലിക്കെത്തി ദുരിതത്തിലായ മലയാളി വനിതകളെ നാട്ടിലെത്തിക്കും

ദുരിതം പുറം ലോകമറിഞ്ഞത് ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ

കുവൈത്തിൽ ഗാർഹിക ജോലിക്കെത്തി ദുരിതത്തിലായ മലയാളി വനിതകളെ നാട്ടിലെത്തിക്കും

കുവൈത്തിൽ ഗാർഹിക ജോലിക്കെത്തി ദുരിതത്തിലായ മലയാളി വനിതകൾക്ക് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ തുണയായി. കെ.കെ.എം.എ മാഗ്നറ്റ് ടീം അംഗം ബഷീർ ഉദിനൂർ, ജി.കെ.പി.എ കോർ അഡ്മിൻ മുബാറക് കാമ്പ്രത്ത്, യൂത്ത് ഇന്ത്യ കുവൈത്ത് വളണ്ടിയർ നസീർ പാലക്കാട് എന്നിവർ സ്‌പോൺസറുടെ വീട്ടിലെത്തി നടത്തിയ ചർച്ചയിലാണ് ഇവർക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ വഴിയൊരുങ്ങിയത്.

വർക്കല സ്വദേശി സരിത, ചിറയിൻകീഴ് സ്വദേശി റെജിമോൾ എന്നിവരാണ് ഗാർഹികത്തൊഴിലാളി വിസയിലെത്തി ദുരിതാവസ്ഥയിലായത്. ഇരുവരും തങ്ങളുടെ ദുരിത ജീവിതം വിവരിക്കുന്ന വീഡിയോ തിങ്കളാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് സാമൂഹ്യ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടത്. ഇവരെ കുവൈത്തിലെത്തിച്ച കുമാർ എന്ന ഏജന്റിനെയും വിളിച്ചു വരുത്തിയിരുന്നു. സ്പോൺസറുമായും അവരുടെ സഹോദരിയുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇവരെ നാട്ടിലേക്ക് കയറ്റിയയക്കാൻ ധാരണയായത്. ശനിയാഴ്ച ഇരുവരും നാട്ടിലേക്ക് തിരിക്കുമെന്നു വിഷയത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. ഇത്തരം സഹായാഭ്യർത്ഥന വീഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ഇരകൾക്ക് തന്നെ അപകടമുണ്ടാക്കുമെന്നും രഹസ്യമായി സന്നദ്ധ പ്രവർത്തകർക്കും അധികൃതർക്കും എത്തിച്ച് ഇടപെടുന്നതാവും കൂടുതൽ ഫലപ്രദമെന്നും വിഷയത്തിൽ സാമൂഹികപ്രവർത്തകർ നിർദേശിച്ചു.