LiveTV

Live

Kuwait

പശ്ചിമേഷ്യൻ പര്യടനത്തിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കുവൈത്തിലേക്ക്

പശ്ചിമേഷ്യൻ പര്യടനത്തിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ  കുവൈത്തിലേക്ക്

പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടുത്തയാഴ്‌ച കുവൈത്തിലെത്തും. മാർച്ച് 19 മുതൽ 23 വരെയാണ് പര്യടനം നിശ്ചയിച്ചിട്ടുള്ളത്. മൂന്നാമത് കുവൈത്ത് - അമേരിക്ക സ്ട്രാറ്റജിക് ഡയലോഗിൽ പങ്കെടുക്കുന്ന പോംപിയോ കുവൈത്ത് അമീർ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.

പ്രതിരോധം, ഭീകരത വിരുദ്ധ പോരാട്ടം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വിപുലപ്പെടുത്തുകയാണ് സ്ട്രാറ്റജിക് ഡയലോഗിന്റെ അജണ്ട. 2016 ഒക്ടോബറിലാണ് യു.എസ്- കുവൈത്ത് സ്ട്രാറ്റജിക്കൽ ഫോറത്തിന് രൂപം നൽകിയത്. പ്രതിരോധമുൾപ്പെടെയുള്ള വിഷയങ്ങളിൽ പരസ്പര സഹകരണം ഉറപ്പാക്കുകയാണ് ഫോറം കൊണ്ട് ലക്ഷ്യമിടുന്നത്. കുവൈത്ത് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ യമൻ, സിറിയ, ജി.സി.സി പ്രതിസന്ധി എന്നിവയും ചർച്ചയാവുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് റോബർട്ട് പൊള്ളാഡിനോ പറഞ്ഞു. കുവൈത്തിന് പുറമെ ലബനാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലും യു.എസ് സ്റ്റേറ്റ് സെക്രട്ടറി സന്ദർശിക്കും. നേരത്തെ ജനുവരി 15ന് കുവൈത്തിലെത്തേണ്ടിയിരുന്ന പോംപിയോ ബന്ധുവിന്റെ നിര്യാണത്തെ തുടർന്ന് പര്യടനം വെട്ടിച്ചുരുക്കി ഒമാനിൽനിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.